അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് പതക്കം കാണാതായ സംഭവത്തില്‍ മേല്‍ശാന്തി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.
മേല്‍ശാന്തി ബാബു നമ്പൂതിരി, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരുകേശ് എന്നിവര്‍ക്കെതിരെയാണ് നടപടി. പതക്കം നഷ്ടപ്പെട്ട സംഭവം പിന്നിട്ട് ആറുമാസത്തിനുശേഷമാണ് നടപടിയെടുക്കാന്‍ ബോര്‍ഡ് തയ്യാറായത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ചുതിരുമേനി, കണ്ണമംഗലം കേശവന് നമ്പൂതിരി എന്നിവരെ ക്ഷേത്രത്തില്‍ നിന്ന് നീക്കിയിരുന്നു.
പതക്കം സൂക്ഷിപ്പുകാരായ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്ക്കെതിരെയോ മറ്റ് ജീവനക്കാര്‍ക്കെതിരെയോ നടപടി എടുത്തിരുന്നില്ല. ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ അന്വേഷണത്തിനുശേഷം മേല്‍ശാന്തിമാര്‍, ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് ബോര്‍ഡിനു കൈമാറിയിരുന്നു.
എന്നാല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരുകേശന് ദേവസ്വം അസി. കമ്മീഷണറായി സ്ഥാനക്കയറ്റം നല്‍കുകയാണ് ചെയ്തത്. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സംയുക്ത കര്‍മ്മ സമിതിയും രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാണിക്കയെണ്ണാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കര്‍മ്മ സമിതി വ്യക്തമാക്കിയിരുന്നു.
ഇതുമൂലം കഴിഞ്ഞ ഏതാനും മാസമായി കാണിക്കയെണ്ണല്‍ തടസ്സപ്പെട്ടതോടെ കാണിക്കവഞ്ചികള്‍ നിറഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ടുപേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബ്ബന്ധിതമായത്.
















