കൊച്ചി: കേരളം ശ്രീകൃഷ്ണ ജയന്തിയുടെ നിറവില്‍ നില്ക്കുന്ന വേളയില്‍ ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ കൃഷ്ണനെ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സന്ദര്‍ശിച്ചു. കോട്ടയത്ത് ശ്രീകൃഷ്ണജയന്തി പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിലുള്ള ഖേദം മന്ത്രി അറിയിച്ചു.
ഇന്നലെ ആര് എസ് എസ് സംസ്ഥാന കാര്യാലയമായ മാധവനിവാസ് സന്ദര്‍ശിച്ചപ്പോള്‍ എം.എ. കൃഷ്ണനുമായും ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ ബൗദ്ധിക് പ്രമുഖ് ആര്. ഹരിയുമായും കണ്ണന്താനം ചര്‍ച്ച നടത്തി.
തൃശ്ശൂര്‍ കൊടകരയില്‍ പുരോഗമിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എം.എ കൃഷ്ണന് കേന്ദ്രമന്ത്രിയോട് വിശദീകരിച്ചു. നൂറ് എക്കറില്‍ തയ്യാറാക്കുന്ന സാംസ്ക്കാരിക കേന്ദ്രത്തില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിനോദത്തിനും വിജ്ഞാനത്തിനും ഉതകുന്ന പദ്ധതികള്‍ ശ്രീകൃഷ്ണകേന്ദ്രം വിഭാവനം ചെയ്യുന്നുണ്ട്.
ഭാരതീയ, കേരളീയ സാംസ്ക്കാരിക പൈതൃക മ്യൂസിയങ്ങള്‍, ആയുര്‍വേദ ഗ്രാമം, വേദപഠന കേന്ദ്രങ്ങള്‍, പശു പരിപാലന ഗോശാല കേന്ദ്രങ്ങള്‍ , നെല്‍കൃഷിയിടം, ശ്രീകൃഷ്ണലീല പാര്‍ക് തുടങ്ങിയവയ്ക്ക് കേരളത്തിന്റെ ടൂറിസ്റ്റ് ഭൂപടത്തില്‍ വലിയ പ്രാധാന്യം ലഭിക്കും എം. എ കൃഷ്ണന് മന്ത്രിയെ ധരിപ്പിച്ചു. കേന്ദ്ര മന്ത്രിയെ അദ്ദേഹം പൊന്നാട അണിയിച്ചു. ടൂറിസത്തിന് എറെ സാദ്ധ്യതയുള്ള കേരളത്തിന് ‘ഉണ്ണിക്കണ്ണന്റെ ദാനമാണ് ‘ കേന്ദ്ര മന്ത്രി പദമെന്ന് കണ്ണന്താനത്തിന്റെ പേരിലെ കൗതുകം കണ്ടെത്തി എം. എ .കൃഷ്ണന് പരാമര്‍ശിച്ചു.
താന്‍ ദല്‍ഹി കമ്മീഷണറായിരുന്നപ്പോഴാണ് അക്ഷര്‍ധാം സ്ഥാപിക്കാന്‍ ഭൂമി വിട്ട് നല്‍കിയതെന്ന് ഓര്‍മ്മിപ്പിച്ച കണ്ണന്താനം ശ്രീകൃഷ്ണ കേന്ദ്രത്തിന് പിന്തുണ അറിയിച്ചു. അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം പോലെ നമ്മുടെ നാടിനെയും സംസ്ക്കാരത്തേയും പരിപോഷിപ്പിക്കുന്ന സംരംഭങ്ങള്‍ കേരളത്തിലേക്ക് സന്ദര്‍ശകരെ തീര്‍ച്ചയായും ആകര്‍ഷിക്കുമെന്ന് കണ്ണന്താനം അഭിപ്രായപ്പെട്ടു.
















