മാഹി: സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാഹിയിലെ 32 മദ്യശാലകളില്‍ ഭൂരിഭാഗവും കഴിഞ്ഞ ദിവസം തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ ഡിസംബര്‍ 15ന്റെ സുപ്രീംകോടതി വിധിക്ക് ഈ വര്‍ഷം ജൂലൈ 11ന് സുപ്രീംകോടതി തന്നെ ഭേദഗതി ഉത്തരവിറക്കിയതിനെ തുടര്‍ന്നാണ് മദ്യശാലകള്‍ പ്രവര്‍ത്തനമാരംഭിച്ചത്. നഗരസഭാ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ദേശീയപാതയിലെ മദ്യശാലകള്‍ക്ക് 500 മീറ്റര്‍ ദൂരപരിധി ബാധകമല്ലെന്നായിരുന്നു കോടതിയുടെ പുതിയവിധി. ഇതുപ്രകാരം കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ക്കിടയിലെ ഒന്നരക്കിലോമീറ്റര്‍ വരുന്ന പൂഴിത്തലമുതല്‍ മാഹി പാലം വരെയുള്ള ദേശീയപാതയുടെ ഇരുവശത്തും പ്രവര്‍ത്തിച്ചുവന്നിരുന്നു ബാറുകളും മദ്യവില്‍പനശാലകളുമാണ് തുറന്നുപ്രവര്‍ത്തിച്ചത്. ഇതോടെ ഇരുജില്ലകളില്‍നിന്നുമായി നൂറുകണക്കിന് മദ്യപന്‍മാരാണ് മാഹിയിലെത്തുന്നത്. കേരളത്തിലെ ബാറുകളെല്ലാം ഫോര്‍സ്റ്റാറായി ഉയര്‍ന്നതോടെ മദ്യത്തിന്റെ വില 50 ശതമാനം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ മാഹിയില്‍ മദ്യവില വര്‍ദ്ധിപ്പിക്കാത്തത് മദ്യപാനികള്‍ക്ക് ഏറെ സഹായകമായി.
















