തളിപ്പറമ്പ്: കൂവോട് വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരം ശക്തമാകുന്നു. ബൈപ്പാസ് നിര്‍മ്മാണത്തിനുള്ള തീരുമാനത്തില്‍ നിന്ന് അധികൃതര്‍ പിന്‍മാറണമന്നാവശ്യപ്പെട്ട് സുരേഷ് കീഴാറ്റൂര്‍ നടത്തുന്ന നിരാഹാരസമരം നാല് ദിവസം പിന്നിട്ടു. നൂറുകണക്കിന് ഏക്കര്‍ നെല്‍വയല്‍ നികത്തി റോഡ് നിര്‍മ്മിക്കുന്നതിനെതിരായ സമരത്തില്‍ പ്രദേശവാസികള്‍ മുഴുവനായും പങ്കെടുക്കുന്നുണ്ട്. പ്രദേശത്ത സിപിഎം നേതൃത്വവും സ്ഥലം എംഎല്‍എയും ഭൂമാഫിയകളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ആരോപണം ശരിവെക്കുന്ന വിധത്തില്‍ തുടക്കം മുതല്‍ തന്നെ സമരത്തെ പരാജയപ്പെടുത്താനുള്ള നീക്കമാണ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. സമരത്തില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെട്ട് പ്രാദേശിക പാര്‍ട്ടി നേതൃത്വം വീടുകളില്‍ കയറി നിര്‍ദ്ദേശം നല്‍കിയിരുന്നു. പോലീസിനെ സ്വാധീനിച്ച് സമരപ്പന്തലില്‍ മൈക്ക് പെര്‍മിഷന്‍ അനുവദിക്കുന്നത് പോലും വിലക്കിയിരുന്നു. എന്നാല്‍ ഒരു ഗ്രാമത്തെ സംരക്ഷിക്കാന്‍ പാര്‍ട്ടിയുടെ ഭീഷണികളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ് സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറുകണക്കിനാളുകളാണ് ആവേശത്തോടെ സമരപ്പന്തലിലെത്തുന്നത്.
















