ആലപ്പുഴ: കൊച്ചിയില്‍ അക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ കേസില്‍ പി.സി. ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നെടുമ്പാശ്ശേരി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. വിവാദ പത്രസമ്മേളനം നടത്തിയ ആലപ്പുഴ പ്രസ്‌ക്‌ളബില്‍ സിഐ പി. എം. ബിജുവിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. പ്രസ്‌ക്‌ളബ് ഭാരവാഹികളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തു. പ്രാദേശിക ചാനലുകളില്‍ നിന്ന് പത്രസമ്മേളനത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും അന്വേഷണ സംഘം പരിശോധിച്ചു.
ജോര്‍ജിന്റെ പ്രസ്താവന തനിക്ക് മാനഹാനിയുണ്ടാക്കിയെന്ന് നടി നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. മോശം പ്രസ്താവനകളിലൂടെ തന്നെ പി. സി. ജോര്‍ജ് എംഎല്‍എ അവഹേളിക്കുകയാണെന്ന് കാണിച്ച് അക്രമത്തിനിരയായ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായവരുടെ പേര് വെളിപ്പെടുത്തുന്നതിന് എതിരായ വകുപ്പുകള്‍ ചുമത്തി നെടുമ്പാശ്ശേരി പോലീസ് പി.സി. ജോര്‍ജിനെതിരെ കേസെ് രജിസ്റ്റര്‍ ചെയ്തത്.
പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ വ്യക്തിഹത്യയാണ്. ധാര്‍മികമായി പിന്തുണയ്‌ക്കേണ്ട പൊതുരംഗത്തുള്ളയാള്‍ തന്നെ മോശമായി ചിത്രീകരിച്ചു. പരാമര്‍ശങ്ങള്‍ സാധാരണക്കാരില്‍ പോലും തന്നെക്കുറിച്ച് സംശയങ്ങള്‍ക്ക് ഇടയാക്കി. ഇത് സമൂഹമാധ്യമങ്ങളിലടക്കം തനിക്കെതിരായ പ്രചാരണത്തിന് ഉപയോഗിക്കുന്നതായും നടി മൊഴി നല്‍കിയിരുന്നു.
















