കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന വളപട്ടണത്ത് ക്ഷേത്രഭൂമി കയ്യേറി പൂരാതന തറകള്‍ ജെസിബി ഉപയോഗിച്ച് പൂര്‍ണ്ണമായും നശിപ്പിച്ചു. കോലത്തിരി രാജാവിന്റെ പ്രസിദ്ധമായ വളപട്ടണം കോട്ടയ്‌ക്ക് സമീപമാണ് ക്ഷേത്രഭൂമി നിലനില്‍ക്കുന്നത്. ചിറക്കല്‍ കോവിലകം ദേവസ്വത്തിന്റെ കീഴിലുള്ള കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ പൂരമഹോത്സവ ദിനത്തില്‍ ഭഗവതിയെ എഴുന്നള്ളിച്ച് പൂജ നടത്തുന്നത് ഈ ക്ഷേത്രഭൂമിയിലാണ്.
ഓരോ വര്‍ഷവും പൂരമഹോത്സവത്തിന് പതിനായിരങ്ങളാണ് ഇവിടയെത്തുക. വളപട്ടണം കോട്ടയില്‍ നിന്ന് നോക്കിയാല്‍ മാടായിക്കാവിലമ്മയെ ദര്‍ശിക്കാമെന്നാണ് വിശ്വാസം. ചരിത്രവും വിശ്വാസവും ഇഴചേര്‍ന്ന് നില്‍ക്കുന്ന പുണ്യഭൂമിയെന്ന നിലയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നതാണ് വളപട്ടണം കോട്ട.
ക്ഷേത്രഭൂമിയോട് ചേര്‍ന്ന് കൂടുതലായും ഇതരമതസ്ഥരാണ് താമസിക്കുന്നത്. നിത്യപൂജയില്ലാത്തതിനാല്‍ ദേവസ്വം അധികൃതരോ ഹൈന്ദവ വിശ്വാസികളോ എല്ലാ ദിവസവും ഇവിടം സന്ദര്‍ശിക്കാറില്ല.
വിശേഷദിവസങ്ങളില്‍ മാത്രമേ ഇവിടെ വിളക്ക് വെച്ച് പൂജ നടക്കാറുള്ളു. ഈ സാഹചര്യം മനസ്സിലാക്കിയാണ് പകല്‍ സമയം തന്നെ ജെസിബി ഉപയോഗിച്ച് ക്ഷേത്രഭൂമി കയ്യേറിയത്. പ്രദേശത്ത് സാമുദായിക സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വ ശ്രമത്തിന്റെ ഭാഗമാണ് ഭൂമി കയ്യേറ്റമെന്നും സൂചനയുണ്ട്. ക്ഷേത്രഭൂമി കയ്യേറിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വളപട്ടണം പോലീസില്‍ പരാതി നല്‍കി.
















