കോട്ടയം: മതഭീകരതയെ പ്രോത്സാഹിപ്പിക്കുകയും പ്രണയ നാടകത്തില്‍ കുടുക്കി മതപരിവര്‍ത്തനം നടത്തുന്ന മതകേന്ദ്രത്തെ സംരക്ഷിക്കുകയും ചെയ്യുന്ന മുസ്ലിംലീഗിന്റെ നയം പുനഃപരിശോധിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നിര്‍ബന്ധിച്ചും പ്രലോഭിപ്പിച്ചും പ്രണയനാടകത്തില്‍ കുടുക്കിയും വൈക്കം സ്വദേശിനി അഖിലയെ മതംമാറ്റി വിവാഹം ചെയ്ത കേസില്‍ കോടതി വിധികളെ അട്ടിമറിക്കാന്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ശ്രമങ്ങള്‍ മതഭീകരവാദത്തെയും ഭീകരവാദ സഹായ മതംമാറ്റ കേന്ദ്രങ്ങളെയും ന്യായീകരിക്കലാണ്.
അഖിലക്കും പിതാവിനും മാതാവിനും പോലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് സുപ്രീം കോടതി ശരിവെക്കുകയും, പ്രതികളുടെ ഐഎസ് ബന്ധവും സത്യസരണി മതകേന്ദ്രത്തിന്റെ ഭീകരവാദ സംഘടനാബന്ധവും അന്വേഷിക്കാന്‍ ഉത്തരവിടുകയും ചെയ്തതായി അവര്‍ ചൂണ്ടിക്കാട്ടി.
ഷഹിന്‍ ജഹാന്‍ അഖിലയെ വിവാഹം കഴിച്ചത് സംബന്ധിച്ചോ അഖിലയെ മതപരിവര്‍ത്തനം ചെയ്യാന്‍ നേതൃത്വം കൊടുത്ത എസ്ഡിപിഐ വനിതാഫ്രണ്ട് നേതാവ് സൈനബയുടെ ഭീകരബന്ധത്തെക്കുറിച്ചോ പോലീസ് അന്വേഷിച്ചില്ലെന്നത് കോടതിക്ക് ബോദ്ധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്താന്‍ കോടതി എന്‍ഐഎയെ ചുമതലപ്പെടുത്തിയത്.
കേരളത്തില്‍ 6,000 പെണ്‍കുട്ടികള്‍ വിവാഹകാര്യത്തിന് വേണ്ടി മതം മാറ്റപ്പെട്ടുവെന്ന് നിയമസഭയില്‍ സമര്‍പ്പിച്ച രേഖകളിലുള്ളതായും അവര്‍ പറഞ്ഞു.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, വൈസ് പ്രസിഡന്റ് പി.ആര്‍. ശിവരാജന്‍, ജില്ലാ വൈസ് പ്രസിഡന്റ് എം.വി. സനല്‍, മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദുമോഹന്‍, വൈക്കം ഗോപകുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു
















