തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസില്‍ കുറച്ചു ദിവസങ്ങളായി പുകയുന്ന തര്‍ക്കം പരസ്യമായ കലാപത്തിലേക്കു നീങ്ങുന്നു. പ്രതിപക്ഷ നേതാവായി തുടരാന്‍ രമേശ് ചെന്നിത്തല അയോഗ്യനെന്ന് സൂചിപ്പിച്ച് മുന്‍ കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍ രംഗത്ത് വന്നതാണ് കോണ്‍ഗ്രസിലെ ചേരിപ്പോര് വീണ്ടും ജ്വലിപ്പിച്ചത്.
പ്രതിപക്ഷ പ്രവര്‍ത്തനങ്ങള്‍ ശരിയല്ലെന്നു പറഞ്ഞ മുരളീധരന്‍, ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന ആഗ്രഹവും പ്രകടിപ്പിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്‌ക്കാന്‍ ഉമ്മന്‍ചാണ്ടിക്കാകുമെന്ന ആര്‍എസ്പി സംസ്ഥാന സെക്രട്ടറി അസീസിന്റെ പ്രസ്താവനയെ അനുകൂലിച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.
അസീസിന്റെ പ്രസ്താവനയിലെ വികാരം ഉള്‍ക്കൊള്ളുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്കു വരാന്‍ ഉമ്മന്‍ചാണ്ടി യോഗ്യനാണ്. പ്രവര്‍ത്തകര്‍ അങ്ങനെ ആഗ്രഹിക്കുന്നുണ്ട്, എന്നിങ്ങനെയായിരുന്നു മുരളീധരന്റെ പ്രസ്താവന.
പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തല തികഞ്ഞ പരാജയമെന്ന വികാരം കോണ്‍ഗ്രസിനുള്ളില്‍ ശക്തമാകാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. നിയമസഭയ്‌ക്ക് അകത്തും പുറത്തും ചെന്നിത്തല ശോഭിക്കുന്നില്ല. പല ബന്ധങ്ങളിലും പെട്ടുകിടക്കുന്നതിനാല്‍ ശക്തമായി പ്രതികരിക്കാന്‍ പോലും ചെന്നിത്തലയ്‌ക്ക് കഴിയുന്നില്ലെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി വിഷയങ്ങള്‍ ഉണ്ടായെങ്കിലും പ്രതിപക്ഷത്തിന് അത് മുതലാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നു. ബിജെപി യഥാര്‍ത്ഥ പ്രതിപക്ഷത്തിന്റെ സ്ഥാനത്തേക്ക് എത്തിയെന്നും വിമര്‍ശകര്‍ പറയുന്നു.
കോവളം കൊട്ടാരം പ്രശ്‌നത്തിലും മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി പ്രശ്‌നത്തിലും പ്രതിപക്ഷം നടത്തിയ സമരം എങ്ങുമെത്താതെ പോയി. കോണ്‍ഗ്രസുകാരെയും യുഡിഎഫിലെ മറ്റു ഘടകകക്ഷികളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ ചെന്നിത്തലയ്‌ക്ക് കഴിയുന്നില്ലെന്ന വിലയിരുത്തലും ശക്തമാണ്.
പാര്‍ട്ടിയിലെ രഹസ്യം മുരളീധരന്‍ ഇന്നലെ പരസ്യമാക്കിയെന്നേയുള്ളൂ. സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരുടെ വികാരവും ഇതു തന്നെയെന്നാണ് വിശദീകരണം.
മുരളിയുടെ പ്രസ്താവന ചെന്നിത്തലയ്‌ക്കെതിരായ ഒളിയമ്പ് എന്ന് മനസ്സിലാക്കി കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശനും രംഗത്തുവന്നു. ഇത്തരം ചര്‍ച്ചകള്‍ അനാവശ്യവും ഉമ്മന്‍ചാണ്ടിയെ അപമാനിക്കുന്നതിന് തുല്യമെന്നുമാണ് സതീശന്റെ നിലപാട്.
















