കോഴിക്കോട്: ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ എല്ലില്ലാത്ത നാവുകൊണ്ട് വിഷം ചീറ്റുകയാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ. കോഴിക്കോട്ട് എന്‍പി മൊയ്തീന്‍ രണ്ടാം ചരമ വാര്‍ഷിക ദിനത്തില്‍ ഡിസിസി സംഘടിപ്പിച്ച ‘ഇന്ത്യന്‍ ജനാധിപത്യം ധാര്‍മ്മികത നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ സംസാരിക്കുമ്പോഴാണ് ഹിന്ദു ഐക്യവേദി നേതാക്കള്‍ക്കും അദ്ധ്യക്ഷ ശശികല ടീച്ചര്‍ക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രംഗത്ത് വന്നത്.
ശശികല ടീച്ചര്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം പുറത്തുവന്നതോടെ ആരോപണം പൊളിഞ്ഞതാണ് വിഡി സതീശനെ പ്രകോപിപ്പിച്ചത്.
ഹിന്ദുഐക്യവേദി ആളില്ലാത്ത ഓലപ്പാമ്പാണ്. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ആരെയും കൊല്ലാറില്ലെന്നും പുല്ലിനടിയില്‍ പതുങ്ങിയിരിക്കുന്ന എട്ടടി മൂര്‍ഖന്മാരാണ് ഹിന്ദുഐക്യവേദി നേതാക്കളെന്നും സതീശന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ സിബിഐ, ഡിആര്‍ഐ, എന്‍ഫോഴ്‌സ്‌മെന്റ് മുതലായ അന്വേഷണ ഏജന്‍സികളെ ഉപയോഗപ്പെടുത്തി ആളുകളെ തങ്ങളുടെ കൂടെ ചേര്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തിലെ ഒരു പ്രമുഖനെ ഡല്‍ഹിയില്‍ വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ സാമ്പത്തിക ക്രമക്കേടുകള്‍ അടങ്ങിയ ഫയല്‍ കാണിച്ചുവെന്നും ഭീഷണിപ്പെടുത്തി ബിജെപിയുടെ കൂടെ നിര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അതാരെന്ന് താന്‍ വെളിപ്പെടുത്താനുദ്ദേശിക്കുന്നില്ലെന്നും സതീശന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ ദേശീയ മാധ്യമങ്ങളെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും മാധ്യമങ്ങളെ വാടകക്കെടുത്തിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമന പ്രക്രിയയില്‍ ഇടപെട്ടുകൊണ്ട് ജൂഡീഷ്യറിയെയും വരുതിയിലാക്കാനാണ് ശ്രമം നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കെഎന്‍എ ഖാദര്‍, ടി. സിദ്ദിഖ് തുടങ്ങിയവര്‍ സംസാരിച്ചു.
















