തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം കേരളത്തിലെ കോളേജുകളില്‍ കേള്‍പ്പിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടി ഫെഡറല്‍ സംവിധാനത്തിന്റെ കടയ്‌ക്കല്‍ കത്തിവയ്‌ക്കലാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി. കെ. കൃഷ്ണദാസ്.
ഇത് സ്വാമി വിവേകാനന്ദനോടുള്ള അവഹേളനമാണ്. ഇതേപ്പറ്റി ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണര്‍ വിശദീകരണം തേടണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കൃഷ്ണദാസ് ആവശ്യപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയ്യാറല്ലെങ്കില്‍ കേന്ദ്രഫണ്ടും വേണ്ടെന്ന് വയ്‌ക്കാന്‍ സംസ്ഥാനം തയ്യാറാകണം. ചുമപ്പന്‍ – ജിഹാദി ഭീകരതയാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.
ജിഹാദികളെ തൃപ്തിപ്പെടുത്താനാണ് ഇടത് സര്‍ക്കാര്‍ കേന്ദ്ര നിര്‍ദ്ദേശം അവഗണിച്ചത്. ജിഹാദി വോട്ടിനായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരമാണ്. വിവേകാനന്ദന്‍ കാവി വസ്ത്രം ധരിച്ചതാണോ അവഗണനയ്‌ക്ക് കാരണമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. അഫ്‌സല്‍ഗുരു, യാക്കൂബ് മേമന്‍ തുടങ്ങിയ രാജ്യദ്രോഹികളുടെ പ്രസംഗം കേരളത്തിലെ സര്‍വ്വകലാശാലകളില്‍ കേള്‍പ്പിക്കാന്‍ തയ്യാറായവരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം തമസ്‌ക്കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
















