കൊല്ലം: ലൗ ജിഹാദ് മൂലം ഹിന്ദുപെണ്‍കുട്ടികളെ നഷ്ടപ്പെടുന്നതിന് കാരണം ഹിന്ദുക്കളുടെ വീഴ്ചയാണെന്ന് എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍. കൊല്ലം ആനന്ദവല്ലീശ്വരത്ത് വിദ്യാധിരാജ ചട്ടമ്പിസ്വാമി ജയന്തിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ ഒരിക്കലും സ്വന്തം മതം പഠിക്കാതെ പോകുന്ന പെണ്‍കുട്ടികളാണ് ഇതിന് ഇരയാകുന്നത്. 18 വയസ് പൂര്‍ത്തിയായി കഴിഞ്ഞാല്‍ പെറ്റുവളര്‍ത്തിയ മാതാപിതാക്കളെയും ഉറ്റവരെയും ഉപേക്ഷിച്ച് ഇന്നലെ കണ്ട ഒരാളുടെകൂടെ ഓടിപ്പോകുകയാണ്. മോശമായ ഗൃഹാന്തരീക്ഷവും കൈമോശം വന്ന ആദ്ധ്യാത്മികചര്യയും ഇതിന് കാരണങ്ങളാണ്.
മതം എന്നാല്‍ ജീവിതചര്യയാണ്. അനന്തരാവകാശികളെ സ്വന്തം മതം പോലും പഠിപ്പിക്കാന്‍ സാധിക്കാത്ത മാതാപിതാക്കള്‍, അവര്‍ ലൗ ജിഹാദില്‍പെട്ടുപോകുമ്പോള്‍ മാറത്തടിച്ച് നിലവിളിച്ചിട്ട് എന്താണ് കാര്യം. ആദ്ധ്യാത്മികമായി പിന്നിലേക്ക് പോകുമ്പോള്‍ ഇതുപോലുള്ള ദുരന്തങ്ങളുടെ തിക്തഫലം അനുഭവിക്കേണ്ടിവരും. ഇതില്‍ നിന്നും നമ്മുടെ കുട്ടികളെ രക്ഷിക്കണം. അവരുടെ ജീവിതഭദ്രത ഉറപ്പാക്കണം. അതിനായി ആദ്യം ചെയ്യേണ്ടത് സ്വന്തം മതത്തെപറ്റി വ്യക്തമായ ബോധ്യം ഉണ്ടാക്കലാണ്.
ഇതിനായി എന്‍എസ്എസ് മുന്‍കയ്യെടുത്ത് ആധ്യാത്മിക പഠനകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ആഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന ക്ലാസിന് പോലും കുട്ടികളെ വിടാതെ മാതാപിതാക്കള്‍ അവരെ ട്യൂഷന് വിടുകയാണ്. മറുഭാഗത്ത് നോക്കുമ്പോള്‍ അതിരാവിലെ കൃത്യമായി മദ്രസയില്‍ പോയി മതം പഠിക്കുന്ന കുരുന്നുകളെയും കാണാം.
സംസ്‌കൃതം എന്ന് കൈവിട്ടുവോ അതോടെ ഹിന്ദുവിന്റെ ആത്മീയബോധവും നഷ്ടപ്പെട്ടു. സീരിയലുകള്‍ കാണുന്ന തിരക്കിലാണ് ഹിന്ദുവീട്ടമ്മമാര്‍. അത് മാറി നാമജപം നടത്തണം. കുട്ടികള്‍ക്കും ആ സംസ്‌കാരം പകര്‍ന്നുനല്‍കണം. ഗീതയും ഭാഗവതവും ദേവിസ്തുതികളും പഠിക്കണം. എന്നാല്‍ മാത്രമെ ഭാവിതലമുറയ്‌ക്ക് ആധ്യാത്മിക അടിത്തറയുണ്ടാകുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലം യൂണിയന്‍ പ്രസിഡന്റ് ഡോ.ജി.ഗോപകുമാര്‍ അധ്യക്ഷനായിരുന്നു.
















