കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് പ്രസംഗം നിര്‍ത്തിവച്ചു. ദീന്‍ദയാല്‍ ഉപാധ്യായ ജന്മശതാബ്ദിയും സ്വാമി വിവേകാനന്ദന്റെ ഷിക്കാഗോ പ്രസംഗത്തിന്റ നൂറ്റി ഇരുപത്തിയഞ്ചാം വാര്‍ഷികവും അനുസ്മരിച്ചാണ് മോദി ഇന്ന് രാജ്യത്തെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തത്.
പ്രധാനമന്ത്രിയുടെ പ്രസംഗം രാജ്യത്തെ എല്ലാ സർവകലാശാലകളിലും സംപ്രക്ഷണം ചെയ്യാൻ യുജിസി നിർദേശം നൽകിയിരുന്നു. പ്രസംഗം വിദ്യാര്‍ഥികളെയും അധ്യാപകരെയും കേള്‍പ്പിക്കാന്‍ സര്‍വകലാശാലാ മേധാവികളും ഉന്നതവിദ്യാഭ്യാസ അധികൃതരും മുന്‍കൈയെടുക്കണമെന്നും യുജിസി നിർദേശം നൽകിയിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു മലബാര്‍ ക്രിസ്ത്യന്‍ കോളേജിലും പ്രസംഗം സംപ്രേഷണം ചെയ്തത്.
‘യുവ ഇന്ത്യ, പുതിയ ഇന്ത്യ-പുനരുദ്ധരിക്കപ്പെട്ട ഇന്ത്യ: സങ്കല്പത്തില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക്’ എന്ന വിഷയത്തിൽ ഊന്നിയാകും പ്രധാനമന്ത്രി സംസാരിച്ചത്. സ്വാമി വിവേകാനന്ദന്റെ പ്രസംഗങ്ങളും അദേഹത്തിന്റെ ഉദ്ധരിണികളും ഉൾക്കൊള്ളിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.
















