പള്ളിക്കുന്ന്: പള്ളിക്കുന്ന് എടച്ചേരിയില്‍ ബിജെപി നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ മാരകായുധവുമായി കോണ്‍ഗ്രസ്സുകാര്‍ അക്രമം നടത്തി. കഴിഞ്ഞദിവസം രാത്രി നിത്യാനന്ദയില്‍ ദീപയുടെ വീടിന് നേരെ അനൂപ് ബാലന്‍ എന്ന കോണ്‍ഗ്രസ് പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ അക്രമം നടത്തിയിരുന്നു. ദീപയ്‌ക്കും മക്കള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകുന്നേരം എടച്ചേരിയില്‍ നിന്നാരംഭിച്ച പ്രകടനം കൊമ്പ്രക്കാവിന് സമീപമെത്തിയപ്പോഴാണ് അനൂപ് ബാലന്‍, ജിതിന്‍ സത്യപാലന്‍, നിതിന്‍ കെ.മോഹന്‍ എന്നിവര്‍ കൊടുവാള്‍, വടി തുടങ്ങിയ മാരകായുധങ്ങളുമായി അക്രമം നടത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അനൂപ് ബാലനില്‍ നിന്നും ആയുധം പിടിച്ചെടുത്തു. അക്രമത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ അദൈ്വത്, കെ.പി.പ്രദീപ്, കെ.പ്രസാദ്, ആകാശ് എന്നിവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പള്ളിക്കുന്ന് എടച്ചേരിയില്‍ നിത്യാനന്ദയില്‍ ദീപയുടെ വീട് അക്രമിക്കുകയും ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ മാരകായുധങ്ങളുമായി അക്രമം നടത്തുകയും ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടിയില്‍ ബിജെപി അഴീക്കോട് മണ്ഡലം ജനറല്‍ സെക്രട്ടറി ഒ.കെ.സന്തോഷ് കുമാര്‍ പ്രതിഷേധിച്ചു. അക്രമം നടത്തിയവര്‍ക്ക് നേരെ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
















