മുഹമ്മ: ചേര്‍ത്തല പോലീസ് സ്‌റ്റേഷനിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ എസ്എല്‍പുരം സ്വദേശി മിനിമോളുടെ കൈ കടിച്ച് മുറിച്ച കേസില്‍ മൂന്ന് യുവാക്കള്‍ റിമാന്റില്‍. കഞ്ഞിക്കുഴി വനസ്വര്‍ഗ്ഗം തളിയാടിയില്‍ കലേഷ്(24), തളിയാടിയില്‍ സനീഷ് (28), വെളിനിലം കൊച്ചനാട്ട് അബി (25) എന്നിവരെയാണ് ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
തിരുവോണദിവസം രാത്രി 9മണിയോടെയാണ് മിനിമോള്‍ക്കും ഭര്‍ത്താവ് ഷാജിക്കും നേരെ ആക്രമണം ഉണ്ടായത്. റൗഡിമുക്കിന് സമീപമുള്ള പാത്രക്കടയില്‍ നിന്ന് സാധനം വാങ്ങി സ്‌കൂട്ടറില്‍ യാത്ര തുടങ്ങിയപ്പോള്‍ സമീപത്ത് മദ്യലഹരിയില്‍ പരസ്പരം വഴക്കിട്ട് നിന്നിരുന്ന യുവാക്കള്‍ ദമ്പതികളെ അസഭ്യം വിളിച്ചു. സ്‌കൂട്ടറിന്റെ വെട്ടം കണ്ണിലടിച്ചെന്നാണ് മദ്യപരുടെ പരാതി.
മദ്യപ സംഘം ഷാജിയെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടഞ്ഞ മിനിമോളെയും മര്‍ദ്ദിച്ചു. അസഭ്യം വിളി ഫോണില്‍ റെക്കാര്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സംഘട്ടനം രൂക്ഷമായി. മിനിമോളെയും ഭര്‍ത്താവ് ഷാജിയേയും ആക്രമിച്ച യുവാക്കള്‍ ഓടി രക്ഷപ്പെട്ടു.
സംഘട്ടനത്തിനടയില്‍ വിരലിന് കടിയേറ്റ വനിത പോലീസ് ഓഫീസര്‍ ആസ്പത്രിയില്‍ ചികിത്സ തേടി. സംഭവം കഴിഞ്ഞ് ഒളിവിലായിരുന്ന മൂന്ന് പ്രതികളെ വെള്ളിയാഴ്ച മാരാരിക്കുളം പോലീസ് പിടികൂടി. ശനിയാഴ്ച പ്രതികളുടെ തിരിച്ചറിയല്‍ പരേഡും നടത്തി.
സംഘട്ടനം നടന്ന സ്ഥലത്തും പ്രതികള്‍ മദ്യപിച്ച സ്ഥലത്തും കൊണ്ട് വന്ന് തെളിവെടുപ്പും നടത്തി.
















