കൊല്ലം: ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ തിരുത്തി പണം തട്ടിവന്ന രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. പോളയത്തോട് സ്വദേശി ഷാജഹാന്, പള്ളിമുക്ക് സ്വദേശി അന്‍സര്‍ എന്നിവരാണ് പിടിയിലായത്. സമ്മാനമടിക്കാത്ത ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ വെട്ടി ടിക്കറ്റില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിവന്നത്.
1,000, 500, 100 രൂപയുടെ സമ്മാനങ്ങളാണ് തട്ടിപ്പിലൂടെ നേടിവന്നത്. അംഗീകൃത ഏജന്‍സികളില്‍ പോയി ഇവര്‍ ടിക്കറ്റ് മാറ്റാറില്ല. ചെറുകിട ലോട്ടറി വില്‍പ്പനക്കാരെയാണ് സമീപിക്കുന്നത്. 1,000 രൂപയടിച്ചതായുള്ള ടിക്കറ്റ് നല്‍കിയിട്ട് 500 രൂപയ്ക്കുവരെ ടിക്കറ്റ് എടുക്കുന്നത് ഇവരുടെ പതിവാണെന്ന് പോലീസ് പറഞ്ഞു.
ചെറുകിട വില്‍പ്പനക്കാര്‍ ഇവരുടെ കൈയില്‍ നിന്ന് വാങ്ങിയ ടിക്കറ്റ് ഏജന്‍സികളില്‍ നല്‍കിയതോടെയാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. ഇത്തരത്തില്‍ നിരവധി പേരാണ് ഇവരുടെ തട്ടിപ്പിന് ഇടയായിട്ടുള്ളത്.
ടിക്കറ്റ് മാറാനെത്തിയ അന്‍സറിനെ വില്പ്പനക്കാരന് തടഞ്ഞുവച്ച് ഏജന്സിയിലറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി അന്‍സറിനെ പിടികൂടി. ഇയാളുടെ സഹായിയായ ഷാജഹാനെയും പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: