ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്ത് എന്ന ഇരുപത്തിയൊന്നുകാരി ഉസ്‌ബെക്കിസ്ഥാനില്‍വെച്ച് സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം ഈ മാസം മൂന്നാം തീയതിയാണ് പുറംലോകം അറിഞ്ഞത്. ലവ് ജിഹാദിന്റെ ഇരയാണ് സാവരിയയും. തന്റേയും കുടുംബത്തിന്റേയും സകല സ്വപ്‌നങ്ങളും നെഞ്ചിലേറ്റി മെഡിക്കല്‍ വിദ്യാഭ്യാസത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് പോയ പെണ്‍കുട്ടി. പഠനം പൂര്‍ത്തിയാക്കി മകള്‍ ഡോക്ടറായി മടങ്ങിവരുന്നതും കാത്തിരുന്ന മാതാപിതാക്കളുടെ മുന്നിലേക്ക് എത്തിയത് അവളുടെ ചേതനയറ്റ ശരീരമാണ്. ഒരു അപകടമോ രോഗമോ അല്ല, മറിച്ച് എന്തിലും ഏതിലും മതം മാത്രം തിരയുന്ന അസഹിഷ്ണുതയുടെ ആള്‍രൂപമായ ഒരു നരാധമന്റെ ക്രൂര പീഡനമാണ് ആ ജീവന്‍ കവര്‍ന്നത്. സഹപാഠിയും മലപ്പുറം സ്വദേശിയുമായ ഒരു ചെറുപ്പക്കാരനാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെ പ്രതിയെന്നത് സംഭവത്തിന്റെ നടുക്കം വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍, ഈ സംഭവത്തിന്റെ ഗൗരവമോ ആ കുടുംബത്തിന്റെ കണ്ണീരോ സാവരിയ അനുഭവിച്ച സമാനതകളില്ലാത്ത യാതനകളോ കേരളത്തിലെ സ്വയം പ്രഖ്യാപിത പ്രബുദ്ധ മതേതരര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ഉത്തര്‍പ്രദേശിലോ ഹരിയാനയിലോ ഉത്തരേന്ത്യയില്‍ എവിടെയെങ്കിലുമോ ഉണ്ടാകുന്ന കൊലപാതകങ്ങളില്‍ ഇരകളുടെ മതം നോക്കി സംഘപരിവാറിനെ പഴിചാരാന്‍ മത്സരിക്കുന്ന ഇക്കൂട്ടര്‍ സാവരിയയെ അറിഞ്ഞ മട്ടേ കാണിക്കുന്നില്ല. വസ്തുത്തര്‍ക്കങ്ങളിലും വഴിത്തര്‍ക്കങ്ങളിലും, എന്തിനേറെ ട്രെയിനിലെ സീറ്റ് തര്‍ക്കത്തില്‍ പോലും മതത്തിന്റെ മേലങ്കി അണിയിക്കാന്‍ വ്യഗ്രത കാട്ടുന്ന ബുദ്ധിജീവികള്‍ ഇപ്പോള്‍ കടുത്ത മൗനത്തിലാണ്. ചാനല്‍ ചര്‍ച്ചകളില്‍ എരിവും പുളിയും വിതറുന്ന അവതാരകരും മാധ്യമ മുതലാളിമാരുടെ കൂലിത്തൊഴിലാളികളായ എഴുത്തുകാരും ഈ ക്രൂരത കണ്ടില്ലെന്ന് നടിക്കുന്നു. മെഴുകുതിരി കത്തിക്കാനോ വായ്‌മൂടിക്കെട്ടി പ്രതിഷേധിക്കാനോ ഒരു ആക്ടിവിസ്റ്റിനെയും വിപ്ലവസിംഹങ്ങളേയും ഇപ്പോള്‍ കാണാനില്ല.
മതേതരത്വത്തിന്റെ കുത്തക അവകാശപ്പെടുന്ന രാഷ്‌ട്രീയക്കാരുടെ കാര്യവും വ്യത്യസ്തമല്ല. സാവരിയ ബസന്ത് എന്ന പാവം പെണ്‍കുട്ടി ഹിന്ദുവായിപ്പോയി എന്നതുമാത്രമല്ല, പ്രതിയുടെ പേര് സദറുള്‍ അനം എന്നായതുമാണ് ഈ പ്രതികരണക്കാരുടെ മൗനത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം. കാമുക വേഷം കെട്ടി അന്യമതസ്ഥരായ പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍ വീഴ്‌ത്തി മതം മാറ്റിയെടുക്കുന്ന ഇത്തരം സംഘങ്ങള്‍ ഇപ്പോള്‍ വിദേശ കാമ്പസുകളെക്കൂടി തങ്ങളുടെ തട്ടകമാക്കി മാറ്റിയിരിക്കുന്നു. ഇത്തരം വിദേശ സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ എത്തിക്കുന്ന ഏജന്‍സികളെക്കുറിച്ച് വിശദമായ അന്വേഷണം അനിവാര്യമാണ്. ‘ലവ് ജിഹാദ്’ എന്ന് പോയിട്ട് ലവ് എന്ന് ഉച്ചരിക്കാന്‍ പോലും ഭയക്കുന്ന ഇടത്-വലത് മുന്നണികളുടെ ഇരട്ടത്താപ്പാണ് ഈ സംഭവത്തിലും ദൃശ്യമാകുന്നത്. സ്വന്തം ധര്‍മ്മം ഉപേക്ഷിക്കാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ മാത്രം ക്രൂരമായ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട ആ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിക്കാന്‍ പോലും ഇവര്‍ക്ക് ഭയമാണ്. ഈ വിദ്യാര്‍ത്ഥികളെ ഉസ്‌ബെക്കിസ്ഥാനിലേക്ക് അയച്ച ഏജന്‍സിക്ക് പാണക്കാട് കുടുംബവുമായുള്ള ബന്ധം പുറത്തുവന്നതോടെ ഈ നേതാക്കളെയൊന്നും മഷിയിട്ടു നോക്കിയാല്‍ പോലും കാണാനില്ലാത്ത അവസ്ഥയാണ്.
സംഘപരിവാര്‍ നേതാക്കളെ കൂടാതെ സാവരിയയുടെ വീട് സന്ദര്‍ശിച്ച ഏക പ്രമുഖ നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തിന്റെ വരവില്‍ സാവരിയയുടെ രക്ഷിതാക്കളും ബന്ധുക്കളും ഏറെ പ്രതീക്ഷയര്‍പ്പിച്ചിരുന്നു. വിദേശത്ത് നടന്ന കുറ്റകൃത്യമായതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ മാത്രമേ സത്യം പുറത്തുവരൂ എന്ന് ബോധ്യമുള്ളതുകൊണ്ട് സി.ബി.ഐ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് പകരമായി ക്രൈം ബ്രാഞ്ച് അന്വേഷണമാണ് പ്രഖ്യാപിക്കപ്പെട്ടത്. സംസ്ഥാനാന്തര ബന്ധങ്ങളുള്ള കേസുകള്‍ പോലും ഫലപ്രദമായി അന്വേഷിക്കാന്‍ പരിമിതികളുള്ള കേരള ക്രൈം ബ്രാഞ്ചിന് വിദേശരാജ്യമായ ഉസ്ബെക്കിസ്ഥാനില്‍ എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. കുറ്റവാളികളെ കൈമാറുന്നതിന് വിദേശകാര്യ വകുപ്പ് വഴിയുള്ള നയതന്ത്ര ഇടപെടലുകളും ഇന്റര്‍പോളിന്റെ സഹായവും അനിവാര്യമാണ്. അന്താരാഷ്‌ട്ര തലത്തില്‍ അന്വേഷണം നടത്താന്‍ അധികാരമുള്ള സി.ബി.ഐക്ക് കേസ് കൈമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇരയോടും ആ കുടുംബത്തോടും ആത്മാര്‍ത്ഥമായ അനുതാപമുണ്ടായിരുന്നെങ്കില്‍ കേസ് സി.ബി.ഐക്ക് വിടാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടിയിരുന്നത്.
തനിക്ക് കയ്യെത്തും ദൂരത്ത് നഷ്ടമായ മുഖ്യമന്ത്രി പദത്തെക്കുറിച്ചുള്ള നിരാശയും ദുഃഖവും ചെന്നിത്തലയ്‌ക്ക് ഇപ്പോഴും നിലനില്‍ക്കുന്ന രാഷ്‌ട്രീയ സാഹചര്യത്തില്‍, മുസ്ലിം സംഘടനകളെ പ്രീതിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കങ്ങളെ പലരും വിലയിരുത്തുന്നത്. ഭാവിയിലെ രാഷ്‌ട്രീയ മോഹങ്ങള്‍ സഫലമാകണമെങ്കില്‍ മുസ്ലിം സംഘടനകളുടെ പിന്തുണ അനിവാര്യമാണെന്ന് ബോധ്യമുള്ളതുകൊണ്ട്, സ്ഥാനത്തും അസ്ഥാനത്തും അവരെ പ്രീണിപ്പിക്കേണ്ടത് ചിലരുടെ ആവശ്യമായി മാറുന്നു. അതുകൊണ്ടുതന്നെ സി.ബി.ഐക്ക് പകരം ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ കേസ് സ്വാഭാവികമായും ഒരു വഴിക്കായിക്കൊള്ളും. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതിലെ അലംഭാവവും, മറ്റ് ചില വിവാദ കേസുകള്‍ സി.ബി.ഐക്ക് കൈമാറാതിരിക്കാന്‍ കാണിക്കുന്ന ജാഗ്രതയും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
പിന്‍കുറിപ്പ്
ആവശ്യമെങ്കില്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉസ്ബെക്കിസ്ഥാനില്‍ അയച്ച് അന്വേഷണം നടത്തുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചിട്ടുണ്ട്. അതിനെ കുറ്റാന്വേഷണ ടൂറിസം എന്ന ഔദ്യോഗിക നാമത്തിലോ ‘പട്ടി ചന്തക്കു പോയതുപോലെ’ എന്ന് നാട്ടുഭാഷയിലോ ഇഷ്ടമുള്ളത് വിളിക്കാമെന്നു കൂടി ഉത്തരവായാല്‍ നന്ന്.
(ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
















