തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ മൺസൂൺ ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്‌ക്ക് 2 മണിക്ക് നടക്കും. ഒന്നാം സമ്മാനമായി 10 കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. ലോട്ടറി ഡയറക്ടർ കെ.എസ്. അഞ്ജുവാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം ഇതുവരെ 40 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഏറ്റവും കൂടുതൽ ടിക്കറ്റ് വിൽപ്പന നടന്നത് പാലക്കാട് ജില്ലയിലാണ്. ഇവിടെ 11.14 ലക്ഷം ടിക്കറ്റുകൾ വിറ്റു. തൃശൂർ 4.54 ലക്ഷവുമായി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം 3.58 ലക്ഷവുമായി മൂന്നാം സ്ഥാനത്തുമാണ്. ഏറ്റവും കുറവ് വിൽപ്പന മലപ്പുറം ജില്ലയിലാണ്. ഇവിടെ 1.29 ലക്ഷം ടിക്കറ്റുകൾ മാത്രമാണ് വിറ്റത്. കഴിഞ്ഞ വർഷം മൺസൂൺ ബംബർ ടിക്കറ്റ് വിൽപ്പന 33 ലക്ഷം മാത്രമായിരുന്നു.
ഒന്നാം സമ്മാനമായ 10 കോടി രൂപയ്‌ക്കു പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം രൂപയും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും നൽകും. ഇതുകൂടാതെ 5,000, 1,000, 500, 250 രൂപ വീതമുള്ള നിരവധി സമ്മാനങ്ങളും ലോട്ടറിയിലുണ്ട്.
അതേസമയം, ലോട്ടറിയുടെ പേരിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഭാഗ്യക്കുറി വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാജ വെബ്‌സൈറ്റുകളിലൂടെയോ അനധികൃത മാർഗങ്ങളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും സമ്മാനം ലഭിച്ചതായി പറഞ്ഞ് രജിസ്ട്രേഷൻ ഫീസ്, പ്രോസസിംഗ് ഫീസ്, ജിഎസ്ടി, നികുതി, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയ പേരുകളിൽ പണം ആവശ്യപ്പെടുന്നവരെ വിശ്വസിക്കരുതെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പറുകൾ, ഒടിപി, യു.പി.ഐ പിൻ, ആധാർ നമ്പർ തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ അപരിചിതരുമായി പങ്കുവെക്കരുതെന്നും ഓൺലൈൻ തട്ടിപ്പിന് ഇരയായെന്ന് സംശയമുണ്ടെങ്കിൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടണമെന്നും ലോട്ടറി ഡയറക്ടർ അഭ്യർഥിച്ചു.













