തുറവൂര്‍: വില്ലേജ് ഓഫീസര്‍ സ്ഥലം മാറിയിട്ട് മാസങ്ങള്‍. പകരക്കാരനെ നിയമിക്കാതെ അധികാരികള്‍. ജനങ്ങള്‍ ദുരിതത്തില്‍. കുത്തിയതോട് വില്ലേജ് ഓഫീസറാണ് ഒരു മാസത്തോളം മുന്‍പ് പ്രമോഷനോടെ സ്ഥലം മാറിപ്പോയത്.
ദിവസേന നിരവധി പേരാണ് വിവിധ ആവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കും മറ്റുമായി ഓഫീസിലെത്തി നിരാശരായി മടങ്ങുന്നത്. തുറവൂര്‍ വില്ലേജ് ഓഫീസര്‍ക്കാണ് നിലവില്‍ രണ്ട് ഓഫീസുകളുടേയും ചുമതല. തിരക്കേറുന്ന സമയങ്ങളില്‍ ഓഫീസര്‍ക്ക് ക്യത്യമായി രണ്ടിടത്തും എത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ഇതുമൂലം അത്യാവശ്യമുള്ള പല സര്‍ട്ടിഫിക്കറ്റുകളും വാങ്ങാനെത്തുന്നവര്‍ ദുരിതം പേറുകയാണ്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി കുത്തിയതോട് വില്ലേജ് ഓഫീസിലെത്തുന്നവര്‍ പിന്നീട് തുറവൂരിലെ ഓഫീസിലെത്തി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിട്ട് വാങ്ങേണ്ട അവസ്ഥയാണെന്ന് പരാതിയുണ്ട്.
ഓഫീസിലെ ആധികാരിക രേഖകള്‍ പരിശോധിച്ച് നല്‍കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ പലതും ലഭിക്കാത്ത സ്ഥിതിയാണ്.
വിദ്യാഭ്യാസ ആവശ്യങ്ങള്അടക്കം താലൂക്ക് ഓഫീസുമായി ബന്ധപ്പട്ട സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനെത്തുന്നവരും വലയുകയാണ്. അടിയന്തരമായി ഓഫീസറെ നിയമിക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: