രാജാക്കാട്: രാകുമാരി കുരുവിളാസിറ്റിയില്‍ വ്യാജവാറ്റ് കേന്ദ്രത്തില്‍ റെയിഡ്. അരലിറ്റര്‍ ചാരായയവും, അമ്പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളുമായി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കുരുവിളാസിറ്റി മുള്ളം തണ്ട് ചക്കരമോളയില്‍ രവി നാരായണന്‍ (48) നെയാണ് പോലീസ് പിടികൂടിയത്. ശാന്തമ്പാറ എസ് ഐ വി വിനോദ്കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് അരലിറ്റര്‍ ചാരായവും അമ്പത് ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തത്.
പോലീസെത്തിയതറിഞ്ഞ് പ്രതി രക്ഷപെടുവാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഓമനക്കുട്ടന്‍, ആര്‍ ബിനുമോന്‍, വി ആര്‍ ബിനോജ്, റ്റി ഡി ജിനു, സി വി സനീഷ് എന്നിവരും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.
















