
അമ്പലപ്പുഴ: അപൂര്‍വ ഇനം ദേശാടന പക്ഷി അമ്പലപ്പുഴ കാക്കാഴത്ത് എത്തിയത് നാട്ടുകാര്‍ക്ക് കൗതുകമായി. കടല്‍തീരത്താണ് പക്ഷി വിരുന്നെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മഹാദീപില്‍ അധിവസിക്കുന്ന ലേസര്‍ പ്രിഗേറ്റ് ഇനത്തില്‍പെട്ട പെണ്‍പക്ഷിയാണ് എത്തിയത്. ഒന്നര കിലോയോളം തൂക്കവും ചിറകുവിടര്‍ത്തുമ്പോള്‍ ഒന്നര മീറ്ററോളം നീളവുമുള്ള പക്ഷിയുടെ നിറം കറുപ്പും വെള്ളയുമാണ്. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കാക്കാഴം വെളിമ്പറമ്പ് വെളിയില്‍ മുഹമ്മദ് ശാഫിയുടെ പറമ്പിലാണ് ഇവയെ കണ്ടത്. കടല്‍ മത്സ്യം മാത്രം ഭക്ഷിക്കുന്ന ഇത് കാറ്റില്‍ ഗതി മാറി എത്തിയതാകാമെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പറയുന്നു. കിലോമീറ്ററുകളോളം സഞ്ചരിച്ച് അവശനിലയില്‍ കണ്ടെത്തിയ പക്ഷിയെ ഏറെ പണിപ്പെട്ടാണ് കാക്കകളുടെ ശല്യത്തില്‍ നിന്ന് രക്ഷിച്ചത്.
















