തൃശൂര്‍: ഓണത്തിന് ഊണ് കഴിക്കണമെങ്കില്‍ കീശ കാലിയാകുമെന്ന് ഉറപ്പ്. അരിയുടെ വില വര്‍ദ്ധനയാണ് ഓണാഘോഷത്തിന് കല്ലുകടിയാകുന്നത്. ഓണം അടുക്കുംതോറും അരിയുടെ വില പിടിച്ചാല്‍ കിട്ടാത്ത വിധമാണ് കുതിച്ചുയരുന്നത്. മലയാളികളുടെ പ്രിയപ്പെട്ട അരിയിനമായ പവിഴത്തിന് കിലോഗ്രാമിന് 50 രൂപയ്‌ക്കു മുകളിലാണ് ഇന്നത്തെ വില. വരും ദിവസങ്ങളില്‍ ഇനിയും ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.
തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അരിയാണ് മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്. ഈ അരിയിനങ്ങള്‍ക്കാണ് വില ഉയരുന്നത്.
ഇക്കുറി ഓണത്തിന് മുമ്പ് തന്നെ അരിവില വലിയ തോതില്‍ വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഓണം എത്തുമ്പോഴേക്കും കൂടുതല്‍ അരി കമ്പോളത്തില്‍ എത്തിച്ച് വിലകുറയ്‌ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പ് പറഞ്ഞിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലന്ന് വ്യാപാരികള്‍ പറഞ്ഞു.
എല്ലാ ബ്രാന്‍ഡുകളിലുമുള്ള അരിക്കും വില വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ചത്തെ വിപണിയില്‍ നിന്നും അരിക്ക് കിലോഗ്രാമിന് നാലു രൂപ മുതല്‍ എട്ട് രൂപ വരെയാണ് ഉയര്‍ന്നിരിക്കുന്നത്.
പുറത്തുനിന്ന് വരുന്ന അരിക്ക് അവര്‍ ആവശ്യപ്പെടുന്ന വില നല്‍കിയില്ലങ്കില്‍ വാഹനത്തില്‍ നിന്ന് ഇറക്കാന്‍ കൂട്ടാക്കാറില്ലന്ന് വ്യാപാരികള്‍ പറഞ്ഞു. അരിവില കുതിച്ചുയര്‍ന്നതോടെ സാധാരണക്കാരായ ജനങ്ങളുടെ കുടുംബ ബജറ്റ് തകിടം മറിഞ്ഞു.
















