മലപ്പുറം: ഹിന്ദുസംഘടനാ നേതാക്കളും പ്രവര്‍ത്തകരും കൊലചെയ്യപ്പെടുമ്പോള്‍ പോലീസ് പുലര്‍ത്തുന്ന അനാസ്ഥയ്‌ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഹിന്ദുമുന്നണി നേതാവ് ആതവനാട് ഗോപാലകൃഷ്ണന്‍ മുതല്‍ വിപിന്‍ വരെ ആ പട്ടിക നീളുകയാണ്.
ഗോപാലകൃഷ്ണന്റെ കൊലപാതകത്തിന് ശേഷം കൃത്യമായ ഇടവേളകളിലായി പാലൂര്‍ മോഹനചന്ദന്‍, മഠത്തില്‍ താമി, പി.പി.വത്സരാജ് തിരൂരങ്ങാടി, രവി ഇരുനിലത്തുകണ്ടി, ലക്ഷ്മണന്‍ എന്നിവരുടെ കൊലപാതക കേസുകളിലെല്ലാം പോലീസ് അനാസ്ഥ വ്യക്തമാണ്. ചില കേസുകളില്‍ പ്രതികളെ പിടികൂടിയെന്നല്ലാതെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലും പോലീസിന് സാധിച്ചിട്ടില്ല.
എന്നാല്‍ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ വിപിനെ പ്രതി ചേര്‍ത്ത പോലീസിന് അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടായിരുന്നു. തീവ്രവാദ സംഘടനകളോട് എന്നും അമിത താല്‍പര്യം കാണിക്കുന്ന പോലീസിനെതിരെ മലപ്പുറം ജില്ലയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കൊടിഞ്ഞി സംഭവത്തിന് ശേഷം അതില്‍ പ്രതികളെന്ന് ആരോപിക്കപ്പെട്ടവര്‍ക്ക് നേരെ നിരവധി തവണ ആക്രമണമുണ്ടായിട്ടുണ്ട്.
ഫൈസല്‍ വധക്കേസിന്റെ ഗൂഢാലോചന കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത കോട്ടയില്‍ ജയപ്രകാശിന്റെ ബി ഫോര്‍ യു ഡ്രൈവിംങ് സ്‌കൂള്‍ 2016 ഡിസംബര്‍ എട്ടിന് ഒരു സംഘം അഗ്നിക്കിരയാക്കിയിരുന്നു. മറ്റൊരു പ്രതിയാണെന്ന് പോലീസ് പറയുന്ന പാലത്തിങ്ങല്‍ സ്വദേശി തയ്യില്‍ ലിജീഷിനെ ഈ മാസം രണ്ടിന് ഒരു സംഘം കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചു.
ഇങ്ങനെ നിരന്തര സംഭവങ്ങളുണ്ടായിട്ടും പോലീസ് നിഷ്‌ക്രിയത്വം പാലിച്ചതുകൊണ്ടാണ് ഇപ്പോള്‍ വിപിന് ജീവന്‍ നഷ്ടമായത്. തീവ്രവാദ സംഘടനകള്‍ക്ക് മലപ്പുറം ജില്ലയിലെ പോലീസ് ഒത്താശ ചെയ്യുകയാണെന്നാണ് ബിജെപി അടക്കമുള്ള സംഘടനകള്‍ ആരോപിക്കുന്നത്.
















