മൂലമറ്റം(ഇടുക്കി): മൂലമറ്റം വാഗമണ്‍ റൂട്ടില്‍ എടാടിനും പുളിക്കത്തടത്തിനുമിടയില്‍ മണ്ണും പാറയും അടര്‍ന്ന് വീണു. വൃദ്ധ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. ചൂര പുഴയില്‍ പി.സി. ചാക്കോ ഭാര്യ മേരിക്കുട്ടി എന്നിവര്‍ താമസിച്ചിരുന്ന വീട് ഭാഗികമായി തകര്‍ന്നു.
ചാക്കോയുടെ മകള്‍ ലിസിയാമ്മയുടെതാണ് വീട്. ഇന്നലെ പുലര്‍ച്ചെ 6.30നാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മേഖലയില്‍ വ്യാപകമായ മഴ ലഭിച്ചിരുന്നു. പുളിക്കത്തടം ഭാഗത്തു നിന്നുമാണ് മണ്ണിടിച്ചില്‍ ആരംഭിച്ചത്.
മണ്ണിനോടൊപ്പം വലിയ കല്ലുകളും താഴേക്ക് പതിച്ചു. ചാക്കോയുടെ വീടിനോട് ചേര്‍ന്നുള്ള വിറകുപുര പൂര്‍ണ്ണമായും തകര്‍ന്നു. വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ വലിയ കല്ല് വീണ് തകര്‍ന്നു. അപകട സമയത്ത് ചാക്കോയും ഭാര്യ മേരിക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മകള്‍ ലിസിയാമ്മ ആഫ്രിക്കയിലാണ്. മറ്റൊരു മകള്‍ കഞ്ഞികുഴിയിലും മകന്‍ എടാടിന് സമീപവുമാണ് താമസിക്കുന്നത്.
വലിയ കല്ലുകള്‍ ടെറസില്‍ വീണതിനു ശേഷം മുറ്റത്തേക്ക് പതിക്കുകയായിരുന്നു. ഇവരുടെ അയല്‍വാസിയായ കോളരിക്കല്‍ ജോസിന്റെ വിവിധ ഇനം കൃഷികള്‍ മണ്ണിടിച്ചിലില്‍ നശിച്ചു. കാഞ്ഞാര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ് ഐ ഷാജി പി.എം. എഎസ്‌ഐ ഹരികുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇലപ്പള്ളി വില്ലേജ് അധികൃതരും സ്ഥലം സന്ദര്‍ശിച്ചു.
















