തൃശൂര്‍: അതിരപ്പിള്ളി പദ്ധതിക്കായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ കബളിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റേയും കെഎസ്ഇബിയുടേയും നീക്കം വിഫലമാകും. ജൂലൈ 18ന് പാരിസ്ഥിതികാനുമതിയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പുതുക്കി നല്‍കാന്‍ അപേക്ഷ നല്‍കണം.
എന്നാല്‍ ഈ അപേക്ഷ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പകരം പഴയ അനുമതിയുടെ അടിസ്ഥാനത്തില്‍ നിര്‍മാണ ജോലികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടാണ് നല്‍കിയിട്ടുള്ളത്. നിര്‍മാണജോലി ആരംഭിച്ചാലും പാരിസ്ഥിതികാനുമതി പുതുക്കി വാങ്ങണം എന്നതാണ് ചട്ടം. അതുകൊണ്ടുതന്നെ ജൂലൈ 18ന് മുമ്പ് ട്രാന്‍സ് ഫോര്‍മര്‍ സ്ഥാപിച്ചു എന്നുകാണിച്ച് പദ്ധതിക്ക് അനുമതി വാങ്ങിയെടുക്കാമെന്ന സംസ്ഥാന സര്‍ക്കാരിന്റേയും കെഎസ്ഇബിയുടേയും സൂത്രം വിലപ്പോകില്ല.
നിര്‍മാണ ജോലികള്‍ ആരംഭിക്കുംമുമ്പ് കേന്ദ്രത്തിന്റെ സാങ്കേതിക അനുമതിയും ലഭിക്കണം. ഇത് ലഭിക്കാതെ നിര്‍മാണ ജോലികള്‍ എങ്ങനെ ആരംഭിച്ചു എന്ന ചോദ്യവുമുണ്ട്. അതേസമയം പദ്ധതിക്കെതിരെ സിപിഐ ഉയര്‍ത്തുന്ന എതിര്‍പ്പ് ദുര്‍ബലമാവുകയാണ്. സിപിഐയുടെ കെഎസ്ഇബി തൊഴിലാളി സംഘടന പരസ്യമായി പാര്‍ട്ടി നിലപാടിനെതിരെ നില്‍ക്കുകയാണ്.
സിപിഐ കൈകാര്യം ചെയ്യുന്ന വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ഔദ്യോഗികമായി ഇതുവരെ പദ്ധതിക്കെതിരെ ഒരു നടപടിയും ഉണ്ടായിട്ടുമില്ല.
ഇത് സിപിഐയെ പ്രതിരോധത്തിലാക്കുന്നു. പ്രാദേശികമായി കെഎസ്ഇബിയുടെ നീക്കത്തിനെതിരെ വന്‍ എതിര്‍പ്പാണ് ഉയരുന്നത്. ബിജെപിയും കോണ്‍ഗ്രസ്സും ഇന്നലെ പ്രതിഷേധവുമായി രംഗത്തുവന്നു. ചാലക്കുടി റിവര്‍ പ്രൊട്ടക്ഷന്‍ ഫോറവും വിവിധ പിന്നോക്ക സംഘടനകളും സമരരംഗത്തുണ്ട്. പദ്ധതി പ്രദേശത്തുനിന്ന് കുടിയൊഴിയേണ്ടിവരുന്ന ആദിവാസികള്‍ നല്‍കിയ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാരണങ്ങള്‍ മൂലം കെഎസ്ഇബിയുടേയും സംസ്ഥാന സര്‍ക്കാരിന്റേയും നീക്കം ഫലംകാണാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
















