തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ സമാധാന ശ്രമം നടത്തുമ്പോള്‍ സംസ്ഥാനത്ത് സിപിഎം ഏകപക്ഷീയ അക്രമം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. എം വേലായുധന്‍ അഭിപ്രായപ്പെട്ടു. പുറപ്പുഴയില്‍ സിപിഎം ആക്രമണത്തില്‍ വെട്ടേറ്റ സൂരജ് വി.എസ്, വി.ആര്‍ രഞ്ജിത്ത് എന്നിവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യാതൊരു പ്രശ്‌നങ്ങളും ഇല്ലാതിരുന്ന പുറപ്പുഴയില്‍ ഏകപക്ഷീയമായ ആക്രമണമാണ് സിപിഎം നടത്തിയത്. പോലീസുകാര്‍ക്ക് ഈ ആക്രമണ പദ്ധതി നേരത്തെ അറിയാമായിരുന്നെന്ന് വേണം കരുതാന്‍. വിവരം അറിയിച്ചിട്ടും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കരിങ്കുന്നം പോലീസ് എത്താതിരുന്നതും ദുരൂഹമാണെന്ന് അദ്ദേഹം പറഞ്ഞു.
പി.എം വേലായുധനൊപ്പം ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ശശി ചാലയ്‌ക്കല്‍, തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് റ്റി.എസ് രാജന്‍, ജനറല്‍ സെക്രട്ടറി എസ്. പത്മഭൂഷണ്‍ എന്നിവരുമുണ്ടായിരുന്നു.
















