കായംകുളം: പത്തിയൂരില്‍ ഡിവൈഎഫഐ നേതാവ് ഷാനിനെ വെട്ടിയ സംഭവത്തില്‍ മുഖം രക്ഷിക്കാനുള്ള തത്രപ്പാടില്‍ സിപിഎം. ക്വട്ടേഷന്‍ അക്രമണമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തില്‍ നേതാക്കളുടെ പ്രസംഗം തന്നെ വിനയാകുന്നു.
ഇന്നലെ പത്തിയൂരില്‍ സംഘടിപ്പിച്ച യോഗത്തില്‍ ജില്ലാ നേതാക്കളും പ്രാദേശിക നേതാക്കളും പറഞ്ഞത് രണ്ട് തരത്തില്‍. ജില്ലാ നേതാക്കള്‍ ഷാനിന്റെ നേരെയുള്ള ആക്രമണത്തെ ക്വട്ടേഷനായി വിശേഷിപ്പിച്ചപ്പോള്‍ പ്രാദേശിക നേതാക്കള്‍ ഷാന്‍ ക്വട്ടേഷന്‍ നേതാവായിരുന്നുവെന്നാണ് പറയുന്നത്. ക്വട്ടേഷന്‍കാര്‍ തമ്മിലുള്ള കുടിപ്പകയാണെന്നും പ്രാദേശിക നേതാക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെ പ്രചരിക്കുന്ന വാര്‍ത്തകളെ പ്രതിരോധിക്കാനും പ്രാദേശിക നേതാക്കള്‍ തയ്യാറായുമില്ല.
സജീവമായി പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയിരുന്ന പ്രാദേശിക നേതാക്കളില്‍ പലരും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. ചിലര്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നിര്‍ത്താനും മറ്റു ചിലര്‍ മറ്റ് പാര്‍ട്ടികളില്‍ ചേക്കാറാനുമുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ തെളിവാണ് പാര്‍ട്ടി സംഘടിപ്പിച്ച വിശദീകരണ യോഗത്തില്‍ പ്രവര്‍ത്തകരുടെ നിസ്സഹകരണം മറ നീക്കി പുറത്തു വന്നത്.
















