ഹനുമാനാദി വീരന്മാര്‍ സീതാദര്‍ശനത്തിനുള്ള വഴിയാലോചിച്ചു.
യുവരാജാവായ അംഗദന്‍ എല്ലാ വീരന്മാരോടുമായി ചോദിച്ചു. ‘രാജാ സുഗ്രീവന്‍ ശ്രീരാമചന്ദ്രനു കൊടുത്ത വാക്ക് സത്യമാക്കുവാനുള്ള ഭാഗ്യം നിങ്ങളില്‍ ആര്‍ക്കാണുള്ളത്. ഇവിടെ നൂറു യോജന ചാടി ലങ്കയിലെത്തി സീതയെക്കണ്ടുവരാന്‍ ശക്തിയുള്ളവന്‍ ആരാണ്.’
പെട്ടെന്നു മറുപടി പറയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. അംഗദന്‍ വീണ്ടും ചോദിച്ചു. നിങ്ങളില്‍ ഓരോരുത്തര്‍ക്കും എത്ര ദൂരം ചാടാന്‍ സാധിക്കുമെന്ന് നിങ്ങള്‍ സ്വയം വ്യക്തമാക്കുക.
പത്തു ചാടാം ഇരുപതു ചാടാം മുപ്പതു ചാടാം എന്നിങ്ങനെ ഓരോരുത്തര്‍ പറഞ്ഞെങ്കിലും ആത്മവിശ്വാസത്തോടെ നൂറു യോജന ചാടാമെന്നാരും പറഞ്ഞില്ല.
പണ്ട് വാമനാവതാരകാലത്ത് ഭഗവാന്‍ വിഷ്ണു മൂന്നടി അളക്കുന്ന വേളയില്‍ ഞാന്‍ മൂന്നുവട്ടം പ്രദക്ഷിണം വച്ചുവെന്ന് ജാംബവാന്‍ തന്റെ ശക്തിയറിയിച്ചു. എന്നാല്‍ ഇന്ന് ആ ശക്തിയില്ലെന്ന് ജാംബവാന്‍ ബോധവാനാണ്.
അങ്ങോട്ടു ചാടാമെന്ന ധൈര്യം അംഗദനുണ്ട്. തിരിച്ചിങ്ങോട്ടും ചാടാനാവുമോ എന്നറിയില്ല.
അംഗദന് ആയിരം യോജന ചാടാനാവുമെന്ന് ജാംബവനുറപ്പുണ്ട്. എന്നാല്‍ യുവരാജനെ അതിനയക്കില്ലെന്ന് ജാംബവാന്‍ വ്യക്തമാക്കി. ജാംബവാന്‍ ഹനുമാനെ നോക്കി ഹനുമാന്റെ ശക്തിയക്കെുറിച്ച് ഓര്‍മിപ്പിച്ചു. ഹേ ഹനുമാന്‍, നീ എന്താണൊന്നും മിണ്ടാതിരിക്കുന്നത്. നിനക്ക് ഹനുമാന്‍ എന്ന പേരുണ്ടായതെങ്ങിനെയെന്നോര്‍മയുണ്ടോ? ചെറുകുഞ്ഞായിരിക്കുമ്പോള്‍ നീ ഒരിക്കല്‍ ഉദയസൂര്യനെക്കണ്ട് പഴമെന്ന ധാരണയില്‍ സൂര്യന്റെ നേര്‍ക്ക് ചാടി. മുന്നൂറു യോജനയില്‍ കൂടുതല്‍ ചാടിയപ്പോള്‍ ദേവേന്ദ്രന്‍ ഭയപ്പെട്ട് വജ്രായുധം പ്രയോഗിച്ച് നിന്നെ വീഴ്‌ത്തി. അന്നു താടി പൊട്ടിയതുകൊണ്ടാണ് നിനക്ക് ഹനുമാന്‍ എന്ന പേരുവന്നത്. അന്ന് വായുദേവന്‍ കോപിച്ചു. സര്‍വദേവകളും നിന്നെ അനുഗ്രഹിച്ചാണ് വായുദേവന്റെ പ്രതിഷേധത്തെ അടക്കിയത്. ഇന്ന് ആ ശക്തി നിനക്ക് ആയിരം മടങ്ങായിട്ടുണ്ട്. അങ്ങയുടെ ശക്തിയറിഞ്ഞ് ആ വിശ്വാസത്തില്‍ തന്നെയാണ് ശ്രീരാമചന്ദ്രന്‍ രാമാംഗുലീയം നിന്നെ ഏല്‍പിച്ചതെന്തേ ആലോചിക്കാത്തത്. മൂന്നടിയാല്‍ പ്രപഞ്ചമളന്ന മഹാവിഷ്ണുവിനെപ്പോലെ പരാക്രമിയാകൂ.
തന്റെ അമിത ശക്തിയെക്കുറിച്ചോര്‍മ്മ വന്ന ഹനുമാന്‍ സുന്ദരമായ ആ ചാട്ടത്തിനൊരുങ്ങി പര്‍വതോപരിപാദമൂന്നി നിന്നു. സുന്ദര കാണ്ഡത്തിലേക്കുയരാനുള്ള പരാക്രമിയായി.
















