ആലപ്പുഴ: മുഖത്ത് നിറങ്ങളാല്‍ വള്ളംകളിയാഘോഷത്തിന്റെ ഉത്സവഛായ തീര്‍ത്ത എറണാകുളം രാജഗിരി കോളജിലെ എസ്. ഷിജാസിന് നെഹ്‌റു ട്രോഫി മുഖചിത്രണ മത്സരത്തില്‍ സ്വര്‍ണസമ്മാനം നേടി. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി ആലപ്പുഴ ബീച്ചിലെ വിജയ് പാര്‍ക്കില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മുഖം കാന്‍വാസാക്കി ചുണ്ടന്‍ വള്ളം, മുത്തുക്കുടയടക്കമുള്ള ആഘോഷങ്ങളും നിറക്കൂട്ടിലൊരുക്കിയാണ് ഷിജാസ് വിജയിയായത്.
മുഖത്ത് ചിത്രശലഭത്തെ പാറിച്ച കാനനംചിറ സെന്റ് പീറ്റേഴ്‌സ് കോളജിലെ കിന്റണ്‍ ഫെര്‍ണാണ്ടസ് രണ്ടാംസ്ഥാനവും ചേര്‍ത്തല കെ.വി.എം. കോളജിലെ സാഹിദ് സിയാദ് മൂന്നാംസ്ഥാനവും നേടി. വാശിയേറിയ മത്സരത്തിലെ ഒന്നാംസ്ഥാനക്കാരന് മുല്ലയ്‌ക്കല്‍ സംസം ജൂവലറി നല്‍കുന്ന സ്വര്‍ണനാണയവും മറ്റു വിജയികള്‍ക്ക് വിവിധ സമ്മാനങ്ങളും ലഭിക്കും. കലാമണ്ഡലം ഗണേശന്‍, ഹരികുമാര്‍ വാലേത്ത് എന്നിവര്‍ വിധികര്‍ത്താക്കളായി. വൈകിട്ട് അഞ്ചിനു തുടങ്ങിയ മത്സരം എട്ടരയോടെയാണ് സമാപിച്ചത്.
















