പാലാ: പോലീസിന്റെ കോമ്പിങ്ങിനിടെ വാഹനം മോഷണം പോയത് വിവാദമാകുന്നു. കോട്ടയം എസ്പിയുടെ നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ ദിവസം രാത്രി പാലാ സബ്ഡിവിഷനു കീഴിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും വഴിയില്‍ വാഹന പരിശോധന നടത്തവേയാണ് പിഴക് പെരുമാട്ടിക്കുന്നേല്‍ സെബാസ്റ്റ്യന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ ഇട്ടിരുന്ന സ്‌കോര്‍പ്പിയോ മോഷണം പോയത്. വീടിന്റെ ഗേറ്റ് തകര്‍ത്തായിരുന്നു മോഷണം.
പാലാ ഭാഗത്തേയ്‌ക്കാണ് വണ്ടി കടത്തിക്കൊണ്ടുപോയതെന്ന് സൂചന ലഭിച്ചെങ്കിലും ഇത് പിടികൂടാന്‍ പാലാ പോലീസ് വേണ്ട താത്പര്യം കാണിച്ചില്ലെന്നാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. ഇതേത്തുടര്‍ന്ന് പാലാ പോലീസിനെയും രാമപുരം പോലീസിനെയും വയര്‍ലെസ് സെറ്റിലൂടെ കോട്ടയം എസ്.പി. ശാസിക്കുകയും താക്കീത് ചെയ്യുകയും ചെയ്തു.വാഹനമോഷണം ജില്ലാ പോലീസിനു തന്നെ നാണക്കേടായി മാറിയിരിക്കുകയാണ്. സംഭവം രാമപുരം പോലീസ് സ്‌റ്റേഷന്റെ പരിധിയിലായതിനാല്‍ രാമപുരം പോലീസും വീഴ്ച വരുത്തിയതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ടൗണില്‍ പകലും മോഷണം നടക്കുന്നത് പോലീസിന്റെ കൃത്യവിലോപത്തിന് തെളിവാണെന്നാണ് ആരോപണം.
















