കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ യോഗ്യതയില്ലാത്ത ഇടത് തൊഴിലാളി യൂണിയന്‍ നേതാവിന് ഉദ്യോഗക്കയറ്റം നല്‍കാന്‍ നീക്കം നടക്കുന്നതായി പരാതി. യൂണിവേഴ്‌സിറ്റി താവക്കര കാമ്പസില്‍ ജൂനിയര്‍ ലൈബ്രേറിയനായി ജോലിചെയ്യുന്ന ഇടത്-അനഅധ്യാപക യൂണിയന്‍ നേതാവിനെയാണ് അസിസ്റ്റന്റ് ലൈബ്രേറിയന്‍ തസ്തികയിലേക്ക് പ്രൊമോഷന്‍ നല്‍കി നിയമിക്കാന്‍ നീക്കം നടക്കുന്നത്.
2010 ലെ യുജിസി നിയമ പ്രകാരം അസി.ലൈബ്രേറിയന്‍ ഡെപ്യൂട്ടി ലൈബ്രേറിയന്‍ എന്നിവര്‍ക്ക് എംഎല്‍എസ് യോഗ്യതയും നെറ്റും നിര്‍ബന്ധമാണ്. രണ്ട് യോഗ്യതകളും സ്ഥാനക്കയറ്റം നല്‍കാന്‍ പോകുന്ന ഇടത് യൂണിയന്‍ നേതാവിനില്ലെന്നാണ് ആരോപണം. ഇയാള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനായി സിപിഎം ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായി മധുരകാമരാജ്, അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ വിദൂരവിദ്യാഭ്യാസ എംഎഫില്‍ കോഴ്‌സ് നെറ്റിന് തതുല്യ യോഗ്യതയാക്കി മാറ്റാന്‍ നീക്കം നടക്കുന്നതായും പറയപ്പെടുന്നു. വിദൂര വിദ്യാഭ്യാസം വഴിയുള്ള മറ്റ് സര്‍വ്വകലാശാലകളുടെ കോഴ്‌സുകളൊന്നും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി തതുല്യ യോഗ്യതകളായി ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നിരിക്കെ സര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസില്‍ സമ്മര്‍ദ്ദം ചെലുത്തി വിദൂരവിദ്യാഭ്യാസ എംഎഫില്‍ കോഴ്‌സ് നെറ്റിന് തതുല്യ യോഗ്യതയാക്കി മാറ്റാന്‍ ഇക്യൂവലന്‍സ് കമ്മറ്റിക്ക് ശുപാര്‍ശ ചെയ്തിരിക്കുകയാണ്.
ഇത്തരത്തില്‍ യൂണിവേഴ്‌സിറ്റിയില്‍ അയോഗ്യരായവരെ പ്രൊമോഷന്‍ നല്‍കിയതിന്റെ പേരില്‍ കഴിഞ്ഞകാലങ്ങളില്‍ നടന്ന അന്വേഷണത്തില്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റും എജിയുടെ ഓഡിറ്റും സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയിരുന്നു. അനര്‍ഹമായി സ്ഥാനക്കയറ്റം നേടിയതായി കണ്ടെത്തിയ രണ്ട് പേര്‍ക്ക് വിരമിച്ചതിനുശേഷവും ഇതുവരെ പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.
യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറുടെ താല്‍കാലിക ചുമതലവഹിക്കുന്ന മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലറും സിപിഎം സഹയാത്രികനുമായ ബാബു സെബാസ്റ്റ്യന്‍ സ്ഥാനമൊഴിഞ്ഞ് പുതിയ വ്യക്തി സ്ഥനമേല്‍ക്കുന്നതിനിടെ അനര്‍ഹരായ പലരെയും സ്ഥാനക്കയറ്റം നല്‍കി നിയമിക്കാന്‍ സിപിഎം സമ്മര്‍ദ്ദത്തിന് വഴങ്ങി നീക്കം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. സിപിഎമ്മിന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാവും സിന്‍ഡിക്കേറ്റ് അംഗവുമായ വ്യക്തിയുടേയും മറ്റ് ചില നേതാക്കളുടെയും നിര്‍ദ്ദേശത്തിനനുസരിച്ചാണ് സര്‍വ്വകലാശാലയുടെ ദൈനംദിന ഭരണം മുന്നോട്ടുപോകുന്നതെന്ന ആരോപണം ശക്തമാണ്.
















