കാസര്‍കോട്: കേന്ദ്ര സര്‍വ്വകലാശാലയില്‍ മതിയായ ഹോസ്റ്റല്‍ സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന സമരത്തില്‍ തീവ്ര ഇടതുപക്ഷ സംഘടനകളുടെ നുഴഞ്ഞു കയറ്റമുള്ളതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സമരത്തെ അക്രമ പാതയിലേക്ക് നയിക്കാനാണ് ഇത്തരം സംഘടനകളുടെ നീക്കം.
ക്ലാസ്സ് കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ പോകാതെ ലൈബ്രറികളിലും ക്ലാസ് മുറികളിലും കഴിഞ്ഞ ദിവസം മുതല്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. പെണ്‍കുട്ടികളെ മറയാക്കി വിസിയുടെ ഓഫീസ് ഉള്‍പ്പെടെ പിടിച്ചെടുക്കാനുള്ള ശ്രമം നടത്തിയിരുന്നു. ചെങ്ങറ മോഡല്‍ പിടിച്ചെടുക്കല്‍ സമരം നടത്താനുള്ള നീക്കങ്ങളാണ് സര്‍വ്വകലാശാലയ്‌ക്കകത്ത് തുടരുന്നത്.
കാസര്‍കോട് നായന്‍മാര്‍മൂല, പെരിയ, പടന്നക്കാട് കാമ്പസുകളിലാണ് സമരം.
നിലവില്‍ 47 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം സര്‍വകാലാശാല നല്‍കിയിട്ടുണ്ട്. 1250 കുട്ടികളാണ് വിവിധ വകുപ്പുകളിലായി പഠിക്കുന്നത്. ഇതില്‍ 638 കുട്ടികളും കോളേജ് ഹോസ്റ്റലിലാണ് താമസിക്കുന്നത്. പെണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റലും ആണ്‍ കുട്ടികളുടെ ഒരു ഹോസ്റ്റലുമാണ് ഉള്ളത്. 416 പെണ്‍കുട്ടികളും, 222 ആണ്‍കുട്ടികളും ഈ ഹോസ്റ്റലുകളിലാണ് കഴിയുന്നത്.
കൂടുതല്‍ കുട്ടികള്‍ക്ക് താമസസൗകര്യമൊരുക്കാനുള്ള ശ്രമത്തിലാണ് സര്‍വകലാശാലയെന്ന് വൈസ് ചാന്‍സലര്‍ ഡോ.ജി. ഗോപകുമാര്‍ പറഞ്ഞു. വാടകയ്‌ക്ക് താമസിക്കുന്ന കുട്ടികള്‍ക്ക് കോളേജിലെത്താനുള്ള വാഹന സൗകര്യം നല്‍കുന്നുണ്ട്. നിലവിലുള്ള നിയമങ്ങളനുസരിച്ച് വാടകയ്‌ക്ക് കോളേജിന് പുറത്ത് മുറികളെടുത്ത് കുട്ടികളെ താമസിപ്പിക്കാന്‍ സര്‍വകലാശാലയ്‌ക്ക് സാധിക്കില്ല. അത്തരത്തിലൊരു അനുമതിക്കായി സര്‍ക്കാറിന് കത്തെഴുതിയായി വിസി പറഞ്ഞു.
ഹോസ്റ്റല്‍ കെട്ടിടം വാടകയ്‌ക്കെടുക്കണമെങ്കില്‍ പ്രതിവര്‍ഷം 60 ലക്ഷം രൂപ കോളേജിന് ചെലവ് വരും. കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം 12 കോടി രൂപ ചെലവില്‍ ഒബിസി ഹോസ്റ്റല്‍ പണിയാനായി സര്‍വകലാശാലയ്‌ക്ക് അനുമതി നല്‍കിക്കഴിഞ്ഞു. അതിന് ഉടന്‍ തറക്കല്ലിടും.
















