ന്യൂദല്‍ഹി: ഹിന്ദു ദൈവങ്ങളെ മദ്യവുമായി ബന്ധപ്പെടുത്തി സമാജ്വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ നടത്തിയ പരാമര്‍ശത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം. ബഹളത്തെ തുടര്‍ന്ന് രണ്ട് തവണ സഭാ നടപടികള്‍ നിര്‍ത്തിവെച്ചു. പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അഗര്‍വാള്‍ വ്യക്തമാക്കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
തുടര്‍ന്ന് പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് മാധ്യമങ്ങള്‍ ഇത് പ്രസിദ്ധീകരിക്കരുതെന്നും നിര്‍ദ്ദേശിച്ചു. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ സംബന്ധിച്ച വിഷയത്തിലെ ചര്‍ച്ചക്കിടെയായിരുന്നു ഹിന്ദു ദൈവങ്ങളെ അപമാനിച്ച് എസ്പി അംഗം പ്രസംഗിച്ചത്. ഭൂരിപക്ഷ സമുദായത്തിന്റെ വികാരത്തെ അവഹേളിച്ചെന്നാരോപിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയ ഭരണകക്ഷി അംഗങ്ങള്‍ അഗര്‍വാള്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. പാര്‍ലമെന്റിന് പുറത്തായിരുന്നു പരാമര്‍ശമെങ്കില്‍ കേസ് നേരിടേണ്ടി വരുമായിരുന്നുവെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
പറഞ്ഞതിന്റെ ഗൗരവം താങ്കള്‍ മനസിലാക്കിയിട്ടുണ്ടോയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ചോദിച്ചു. വ്യക്തിയെയല്ല സമുദായത്തെ ഒന്നാകെയാണ് അപമാനിച്ചത്. മറ്റ് മതസ്ഥരുടെ ദൈവങ്ങളെക്കുറിച്ച് പറയാന്‍ ധൈര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സഭ പൂര്‍ണമായി തടസ്സപ്പെട്ടാലും അഗര്‍വാള്‍ മാപ്പ് പറയില്ലെന്ന് മറ്റൊരു എസ്പി അംഗം രാംഗോപാല്‍ യാദവ് പറഞ്ഞു.
കോണ്‍ഗ്രസ്സും സിപിഎമ്മും പരാമര്‍ശത്തെ അപലപിക്കാന്‍ തയ്യാറായില്ല. ഭരണകക്ഷിക്കാര്‍ ദൈവത്തിന്റെ സൂക്ഷിപ്പുകാരല്ലെന്ന് കോണ്‍ഗ്രസ് അംഗം ആനന്ദ് ശര്‍മ്മ പ്രതികരിച്ചു. വിഷയം അവസാനിപ്പിക്കണമെന്നായിരുന്നു സിപിഎം അംഗം സീതാറാം യച്ചൂരിയുടെ നിലപാട്. മാപ്പ് പറയണമെന്ന് ഉപാധ്യക്ഷന്‍ പി.ജെ.കുര്യനും നിര്‍ദ്ദേശിച്ചു.
തുടര്‍ന്ന് ആരുടെയും വികാരത്തെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരാമര്‍ശം വേദനിപ്പിച്ചതില്‍ ഖേദിക്കുന്നതായും അഗര്‍വാള്‍ സഭയെ അറിയിച്ചു. ഇതോടെയാണ് പ്രതിഷേധം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: