അച്ഛന് കന്വാലിനും അമ്മ അനമിനുമൊപ്പം റോഹന്‍ നോയിഡയിലെ ആശുപത്രിയില്‍
ന്യൂദല്‍ഹി: ഇന്ത്യയ്ക്കു നന്ദി, എല്ലാറ്റിനും നന്ദി… കന്വാല് സിദ്ദിഖി എന്ന പാക്കിസ്ഥാന്‍കാരന്റെ വാക്കുകള്‍ ഇടറി. അടുത്ത് ഭാര്യ അനം സിദ്ദിഖിയുടെ മുഖത്ത് ആശ്വാസവും ആഹ്ലാദവും. അനമിന്റെ കൈകളിലിരുന്ന് നാലര വയസ്സുകാരന് റോഹന്‍ വിസ്മയത്തോടെ ചുറ്റും നോക്കുന്നു.ഇന്ത്യയെ ആക്രമിക്കാന്‍ അതിര്‍ത്തി കടന്ന് ഭീകരരെ അയക്കുന്ന പാക്കിസ്ഥാനുള്ള ഇന്ത്യയുടെ മറുപടിയാണ് ഈ കുരുന്നിന്റെ ജീവന്.
ലാഹോറില്‍ നിന്ന് റോഹന്‍ ഇന്ത്യയിലേക്കു വരുമ്പോള്‍ അവന്റെ കുരുന്നു ഹൃദയത്തില്‍ ഒരു ദ്വാരമുണ്ടായിരുന്നു. അവന്റെ ജീവന് രക്ഷിക്കാനാവുമെന്ന് ഉറപ്പുണ്ടായിരുന്നില്ല. പക്ഷേ, നോയിഡയിലെ ജെപീ ആശുപത്രിയില്‍ നിന്ന് റോഹന്‍ ഇന്നലെ തിരിച്ചു പോകുമ്പോള്‍ അവന്റെ ഹൃദയം സാധാരണ നിലയില്‍ സ്പന്ദിക്കുന്നു. പാക്കിസ്ഥാനിലെ ഡോക്ടര്‍മാര്‍ റോഹന്റെ ഹൃദയത്തില്‍ ദ്വാരം കണ്ടെത്തിയപ്പോള്‍ ചികിത്സയ്ക്കായി യുഎഇയിലേക്കു പോകാനാണ് ഉദ്ദേശിച്ചത്. പിന്നീട് ഇന്ത്യയിലേക്കു വരാന്‍ ശ്രമം തുടങ്ങി. വിസ കിട്ടുന്നതടക്കമുള്ള കാര്യങ്ങളില്‍ തടസ്സങ്ങള്‍. വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് കന്വാല് സഹായം അഭ്യര്‍ഥിച്ചു. സുഷമ ഒന്നിലേറെത്തവണ പ്രശ്നത്തില്‍ ഇടപെട്ടു.
തടസങ്ങള്‍ മാറി. ജൂണ്‍ പന്ത്രണ്ടിന് നേരിയതെങ്കിലും പ്രതീക്ഷയോടെ മകനുമായി കന്‍വാലും അനവും നോയിഡയിലെ ആശുപത്രിയില്‍ എത്തി. 14ന് അഞ്ചു മണിക്കൂര്‍ സമയമെടുത്ത ശസ്ത്രക്രിയ. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ഏറെ ഗുരുതരമായിരുന്നു റോഹന്റെ അവസ്ഥ. ശരീരം നീലച്ചു. നന്നായി ശ്വാസമെടുക്കാന്‍ പോലും പറ്റാത്ത അവസ്ഥ. അതിനും പിന്നാലെയാണ് ന്യുമോണിയ ബാധിച്ചത്.
എല്ലാ ആശങ്കകളും അകന്ന് ശസ്ത്രക്രിയ വിജയമായി. റോഹന്‍ ജീവിതത്തിലേക്കു മടങ്ങി വന്നു. എല്ലാവര്ക്കും നന്ദി പറഞ്ഞ് അവര്‍ കഴിഞ്ഞ ദിവസം ലാഹോറിലേക്കു തിരിച്ചു പോയി. താങ്ക് യു ഇന്ത്യ… റോഹന്റെ അച്ഛന് കന്വാല് മറ്റൊന്നു കൂടി പറഞ്ഞു, സുഷമ സ്വരാജിന്റെ വലിയ ഹൃദയമാണ് ഇപ്പോള്‍ എന്റെ മകന്റെ ധമനികളിലേക്ക് രക്തം നിറയ്ക്കുന്നത്….
പ്രതികരിക്കാൻ ഇവിടെ എഴുതുക: