പാട്ന: ബീഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവ് അനധികൃതമായി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചതായി റിപ്പോര്‍ട്ട്. 26കാരനായ തേജസ്വി യാദവിന്റെ പേരില്‍ 26ഓളം സ്വത്തുക്കളുണ്ട്. ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദിയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ബീഹാറിലെ ആര്‍ജെഡി, ജെഡി(യു) കൂട്ടുകെട്ട് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ എറെ വിവാദമായിരുന്നു. സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് തേജസ്വി യാദവിനെതിരെ സിബിഐ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അച്ഛന് ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കേ നിരവധി ഭൂമിയിടപാടുകളില്‍ തേജസ്വിക്കും പങ്കാളിത്തമുണ്ടെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
റെയില്‍വേയുടെ ഹോട്ടലുകളായി പ്രവര്‍ത്തിപ്പിക്കാന്‍ ലാലു അനുമതി നല്‍കിയതിനെ ത്തുടര്‍ന്ന് ഹോട്ടല്‍ ഉടമകള്‍ നല്‍കിയതാണിതെന്നും ആരോപണമുണ്ട്. എന്നാല്‍ സ്വത്തില്‍ 13 എണ്ണം തേജസ്വി പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പും, 13 എണ്ണം പ്രായപൂര്ത്തിയായിക്കഴിഞ്ഞ ശേഷവുമുള്ളതാണ്. ഇത് തെളിയിക്കുന്നതിനുള്ള രേഖകളും തന്റെ പക്കലുണ്ടെന്നു സുശീല്‍ കുമാര്‍ മോദി പാട്നയില്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇതുകൂടാതെ 2016 മെയ് അഞ്ചിന് തേജസ്വി സ്വകാര്യ കമ്പനിയുമായി ഭൂമി ഇടപാടുകളില്‍ ഏര്‍പ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇയാളുടെ പേരിലുള്ള സ്വത്തുക്കളില്‍ 13 എണ്ണം വ്യാജ കമ്പനികള്‍ വഴിയാണ് ലഭിച്ചതെന്നും സുശീല്‍ മോദി പുറത്തുവിട്ട റിപ്പോര്‍ട്ടിലുണ്ട്.
ഇതുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം ആരംഭിച്ചു. പാട്നയിലെ ഷോപ്പിങ് മാളില്‍ തേജസ്വിക്ക് നേരിട്ട് പങ്കാളിത്തമുള്ളതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും, ആര്‍ജെഡി അഴിമതി നടത്തിയതായി തെളിയിച്ചാല്‍ രാജിവെയ്ക്കുമെന്ന് തേജസ്വി അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: