ന്യൂദല്‍ഹി: ബാങ്കുകളിലെ കിട്ടാക്കടം സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് ഒരാഴ്ചക്കുള്ളില്‍ മറുപടി നല്‍കാന്‍ റിസര്‍വ്വ് ബാങ്കിന് സുപ്രീംകോടതി നിര്‍ദ്ദേശം. ഈ മാസം 24നുള്ളില്‍ മറുപടി സമര്‍പ്പിക്കാനാണ് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍, ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടത്.
എട്ട് ലക്ഷം കോടിയിലേറെയാണ് രാജ്യത്തെ ബാങ്കുകളിലുള്ള കിട്ടാക്കടം. ഇത് തിരിച്ചു പിടിക്കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് നേരത്തെ വിദഗ്ധ സമിതിയെ നിയോഗിച്ചത്.
500 കോടി രൂപക്ക് മുകളിലുള്ള വായ്‌പകള്‍ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ആവശ്യം ആര്‍ബിഐ നിരസിച്ചതായി സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ എന്ന സംഘടനക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ചൂണ്ടിക്കാട്ടി. ഹര്‍ജികള്‍ നാലാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
അഞ്ഞൂറ് കോടി രൂപയില്‍ക്കൂടുതല്‍ തിരിച്ചടക്കാനുള്ളവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കഴിഞ്ഞ നവംബറിലാണ് സുപ്രീംകോടതി റിസര്‍വ്വ് ബാങ്കിനോട് ആവശ്യപ്പെട്ടത്. പേരുവിവരങ്ങള്‍ വെളിപ്പെടുത്താത്തത് കിട്ടാക്കടവും നിഷ്‌ക്രിയ ആസ്തിയും വര്‍ധിക്കാന്‍ കാരണമാകുന്നതായും കോടതി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇത് ബാങ്കിംഗ് ചട്ടങ്ങള്‍ക്ക് എതിരാണെന്നാണ് ആര്‍ബിഐയുടെ വാദം.
വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോടും സുപ്രീംകോടതി തുടര്‍ച്ചയായി ആവശ്യപ്പെട്ടിരുന്നു. 2015 ഡിസംബറിലെ കോടതി വിധിയനുസരിച്ച് മുഴുവന്‍ വിവരങ്ങളും നല്‍കാന്‍ ആര്‍ബിഐക്ക് ബാധ്യതയുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിക്കുന്നു.
കിട്ടാക്കടം പെരുകുന്നതില്‍ ആശങ്കയറിയിച്ച കോടതി ആയിരക്കണക്കിന് കോടികള്‍ വായ്‌പയെടുത്ത് കമ്പനി പാപ്പരായെന്ന കാരണം ചൂണ്ടിക്കാട്ടി പലരും രക്ഷപ്പെടുമ്പോള്‍ ചെറിയ തുകകള്‍ വായ്‌പയെടുത്ത കര്‍ഷകര്‍ ബുദ്ധിമുട്ടുന്നതായും ചൂണ്ടിക്കാട്ടി.
















