മുംബൈ: ഭാര്യയ്ക്കൊപ്പമുള്ള സെല്‍ഫി പോസ്റ്റ് ചെയ്തതിനു പിന്നാലെ ക്രിക്കറ്റ് താരം ഇര്ഫാന് പത്താനെ വിമര്‍ശിക്കാനും പിന്തുണയ്ക്കാനും സോഷ്യല്‍ മീഡിയയില്‍ തിരക്ക്. ഭാര്യ സഫ ബെയിഗ് ബുര്‍ഖ ധരിച്ചിട്ടുണ്ട്, കൈകള്‍കൊണ്ട് മുഖം മറച്ചിരിക്കുന്നു, കണ്ണുകള്‍ പുറത്തുകാണാം.
ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലുമാണ് ഈ സെല്‍ഫി ഇര്ഫാന് പോസ്റ്റ് ചെയ്തത്. പോളിഷിട്ട് മനോഹരമാക്കിയ സഫയുടെ വിരലുകളും കാണാം.
ഈ സെല്‍ഫിയെ അനിസ്ലാമികം എന്നു വിശേഷിപ്പിക്കുന്ന അഭിപ്രായങ്ങളാണ് തുടക്കത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. കണ്ണുകള്‍ കാണും വിധം കൈകള്‍ കൊണ്ടുമുഖം മറച്ചത് ഹിജാബ് ധരിക്കുന്നതിനെ പരിഹസിക്കാനാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ മുഖം മറച്ചത് നന്നായി, കൈകള്‍ കൂടി മറയ്ക്കേണ്ടതായിരുന്നു എന്നാണ് മറ്റു ചിലരുടെ നിലപാട്.
ഭാര്യയോടു കൈകള്‍ മറയ്ക്കാന്‍ പറയൂ. മുസ്ലീം എന്ന നിലയിലും പത്താന് എന്ന നിലയിലും അത് അത്യാവശ്യമാണെന്നാണ് ഒരാള്‍ ഓര്‍മിപ്പിക്കുന്നത്.
മുഖം മറച്ചത് നന്നായി. എന്നാല്‍ കൈകള്‍ കൂടി മറയ്ക്കാന്‍ പറയൂ, കാഷിഫ് റാസ് ഖാന് എന്നയാള്‍ പറയുന്നു. യഥാര്‍ഥ മുസ്ലീമിനെപ്പോലെയാണ് ഇര്ഫാന്. എന്നാല്‍ ഭാര്യയോടു പര്‍ദ്ദ ധരിക്കാന്‍ പറയൂ, അബ്ദുള്ള ഖുറേഷി ആവശ്യപ്പെടുന്നു. ഭാര്യയുടേത് എന്നല്ല, മറ്റൊരു മുസ്ലീം പെണ്‍കുട്ടിയുടേയും ചിത്രം ഇങ്ങനെ പോസ്റ്റ് ചെയ്യരുത് എന്നാണ് മുജീബുര്‍ റഹ്മാന് ഇര്‍ഫാനോട് ആവശ്യപ്പെട്ടത്.
ഇത്തരം വിയോജിപ്പുകള്‍ക്കിടെയാണ് ലിസസ് ഹോള്‍ എന്ന മോഡല്‍ ഇര്‍ഫാനു വേണ്ടി രംഗത്തു വന്നത്. ദുബൈയില്‍ താമസിക്കുന്ന ലിസസ് വിശദമായ ഫേസ്ബുക് പോസ്റ്റിലൂടെ വിമര്‍ശകര്‍ക്ക് മറുപടി നല്കി. ഇര്‍ഫാനും ഭാര്യയും എന്തു ചെയ്യുന്നു എന്നതില്‍ നിങ്ങള്‍ക്കെന്താണ് കാര്യം? അവര്‍ എന്തു ധരിക്കുന്നു എന്ന് നിങ്ങള്‍ എന്തിനാണ് അന്വേഷിക്കുന്നത്? ഇര്ഫാന് മുസ്ലീമായിരിക്കാം, അല്ലാതിരിക്കാം. അത് ഇര്‍ഫാനും ദൈവവും തമ്മിലുള്ള കാര്യമാണ്. അവര്‍ എത്ര സന്തോഷത്തോടെയാണിരിക്കുന്നത് എന്നു നോക്കൂ. കുടുംബത്തിന്റെ സന്തോഷമാണ് അവരില്‍ നിന്നു പഠിക്കേണ്ടത്, ലിസസ് കുറിച്ചു.
ഇര്‍ഫാനെ അനുകൂലിച്ചും നിരവധി പോസ്റ്റുകള്‍ വന്നതോടെ ആ സെല്‍ഫി സോഷ്യല്‍ മീഡിയ ആഘോഷമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: