ന്യൂദല്‍ഹി: പ്രധാനമന്ത്രിയെ ബൊക്കെ നല്കി സ്വീകരിക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. പകരം പുസ്തകങ്ങളോ തൂവാലയോ നല്‍കാം. ഇത് കര്‍ശനമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
മോദിയുടെ നിര്‍ദ്ദേശം രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോദിയെ പിന്തുണക്കുന്നതായി ശശി തരൂര്‍ എംപി പറഞ്ഞു. അല്‍പ്പനേരത്തേക്കുള്ള സംതൃപ്തിക്കായി പൂക്കള്‍ നശിപ്പിക്കുന്നത് തടയാം. ഏറെക്കാലം നിലനില്‍ക്കുന്ന ഉപഹാരം നല്‍കാം. തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
കേരളത്തില്‍ പി. എന്‍. പണിക്കര്‍ ഫൗണ്ടേഷന്റെ വായനാദിന പരിപാടിയാണ് ഈ തീരുമാനത്തിന് മോദിയെ പ്രേരിപ്പിച്ചത്. കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഉദ്ഘാടകനായിരുന്ന മോദിയെ പുസ്തകം നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്.
കഴിഞ്ഞ ജൂണ്‍ 26ലെ മന് കീ ബാത്തില്‍ പ്രധാനമന്ത്രി ഇത് പരാമര്‍ശിച്ചു. ”ബൊക്കെയ്ക്കു പകരം പുസ്തകം കൊടുക്കുന്നത് വളരെ നല്ല ആശയമാണ്. ഞാന്‍ ഗുജറാത്തിലായിരുന്നപ്പോള്‍ പുസ്തകമോ കൈലേസോ കൊടുക്കുന്ന സമ്പ്രദായം ആരംഭിച്ചിരുന്നു. ഖാദിക്കു പ്രോത്സാഹനം കിട്ടാന്‍ അത് ഖാദിയുടെ കൈലേസാകട്ടെ എന്നും പറഞ്ഞു. ഇപ്പോള്‍ ആ ശീലം വിട്ടുപോയി. കേരളത്തിലെ പരിപാടിയില്‍ ഇത് വീണ്ടും ഓര്‍മ്മയിലെത്തി.
ഇക്കാര്യം സാവധാനം ഒരു സ്വഭാവമാക്കി മാറ്റണം. ബൊക്കെ ഉപേക്ഷിക്കുകയാണു ചെയ്യുക. പുസ്തകം വീടിന്റെയും കുടുംബത്തിന്റെയും ഭാഗമായി മാറും”. മോദി റേഡിയോ പ്രഭാഷണത്തില്‍ പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോഴത്തെ തീരുമാനം.
















