ന്യൂദല്‍ഹി/ പാട്ന: ലാലു കുടുംബത്തിനെതിരെ ഉയര്‍ന്ന കോടികളുടെ അഴിമതി ആരോപണത്തെ തുടര്‍ന്ന് ബീഹാറിലെ സഖ്യസര്‍ക്കാരില്‍ വിള്ളല്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ പങ്കെടുത്ത പാട്നയിലെ സര്‍ക്കാര്‍ ചടങ്ങില്‍ നിന്ന് ലാലു പ്രസാദ് യാദവും മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വിയും ഇന്നലെ വിട്ടു നിന്നതോടെ സഖ്യസര്‍ക്കാര്‍ അധിക നാള് മുന്നോട്ടു പോകില്ലെന്നതിന്റെ സൂചനകള്‍ ശക്തമായി. സര്‍ക്കാര്‍ വീഴാതിരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടു.
27 എംഎല്‍എമാരുള്ള കോണ്‍ഗ്രസും സഖ്യസര്‍ക്കാരിന്റെ ഭാഗമാണ്. തേജസ്വി യാദവിനെ മന്ത്രിസഭയില്‍ നിന്നും പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സഖ്യസര്‍ക്കാര്‍ തകരുമെന്ന മുന്നറിയിപ്പ് ജെഡിയു സോണിയയ്ക്ക് നല്‍കിയിട്ടുണ്ട്.
പാട്നയിലെ പരിപാടിയില്‍ തേജസ്വി യാദവിന്റെയും ലാലുപ്രസാദ് യാദവിന്റെയും പേരുകള്‍ അടങ്ങിയ ബോര്‍ഡ് വേദിയില്‍ വെച്ചിരുന്നതാണ്. എന്നാല്‍ ഇരുവരും ചടങ്ങ് ബഹിഷ്ക്കരിച്ചതോടെ ജെഡിയു- ആര്‍ജെഡി പോര് ശക്തമാണെന്ന് വ്യക്തമായി.
ലാലുപ്രസാദ് യാദവിനും തേജസ്വി യാദവിനുമെതിരായ അഴിമതിക്കേസ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെഡിയു വ്യക്തമാക്കിയിട്ടുണ്ട്. നിരപരാധിത്തം തെളിയിക്കേണ്ട ചുമതല ആര്‍ജെഡി നേതൃത്വം നിര്‍വഹിക്കണം. അഴിമതിയുടെ കളങ്കമേറ്റ് തന്റെ സര്‍ക്കാര്‍ മുന്നോട്ടു പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് നിതീഷ് കുമാര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു.
തേജസ്വിയെ സര്‍ക്കാരില്‍ നിന്ന് പിന്‍വലിക്കണമെന്ന നിതീഷിന്റെ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നാണ് ലാലുപ്രസാദ് യാദവിന്റെ നിലപാട്. 234 അംഗ നിയമസഭയില്‍ ലാലുവിന്റെ ആര്‍ജെഡിയാണ് ഏറ്റവും വലിയ കക്ഷി. 80 സീറ്റുകളാണ് ആര്‍ജെഡിക്കുള്ളത്. 71 സീറ്റുകളുള്ള ജെഡിയുവിന് 53 സീറ്റുള്ള പ്രതിപക്ഷമായ ബിജെപിയുടെ പുറമേ നിന്നുള്ള പിന്തുണ ലഭിക്കും. ഇക്കാര്യം ബിജെപി നേതാക്കള്‍ ഇതിനകം വ്യക്തമാക്കിക്കഴിഞ്ഞു.
നിതീഷ് കുമാറിന് വിശ്വാസവോട്ടെടുപ്പ് വിജയിക്കാന്‍ ബിജെപി പിന്തുണയോടെ സാധിക്കുമെന്ന് ജെഡിയു നേതൃത്വവും വ്യക്തമാക്കുന്നു. നീണ്ട പതിനേഴു വര്‍ഷത്തെ സഖ്യം അവസാനിപ്പിച്ച് 2013ലാണ് ബിജെപിയും ജെഡിയുവും പിരിഞ്ഞത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയെന്ന പേരിലായിരുന്നു നിതീഷിന്റെ പിന്മാറ്റം. എന്നാല്‍ തുടര്‍ന്ന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവിന് കനത്ത തിരിച്ചടി ബീഹാറില്‍ ലഭിച്ചെങ്കിലും 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവുമായി കൂട്ടുചേര്‍ന്ന് അധികാരം നിലനിര്‍ത്താന്‍ നിതീഷിന് സാധിച്ചു.
റെയില്‍വേ ഭൂമി ക്രമക്കേട് അടക്കമുള്ള നിരവധി അഴിമതി ആരോപണങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. പാട്നയിലെ കോടികളുടെ റെയില്‍വേ ഭൂമി സ്വന്തം പേരിലാക്കിയ കേസാണ് ലാലുവിനും കുടുംബത്തിനും തലവേദനയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: