ന്യൂദല്‍ഹി: രവി ശാസ്ത്രിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാക്കാനുളള ക്രിക്കറ്റ് ഉപദേശക സമിതിയുടെ ശിപാര്‍ശ ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി അംഗീകരിച്ചു. അതേസമയം ബൗളിങ്ങ് കോച്ചായി സഹീര്‍ ഖാനെയും ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിക്കണമെന്ന ശിപാര്‍ശകള്‍ അംഗീകരിച്ചിട്ടില്ല.
രവി ശാസ്ത്രിയുമായി കൂടിയാലോചിച്ച ശേഷം സഹ പരിശീലകരെ നിയമിക്കുമെന്ന് ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി തലവന്‍ വിനോദ് റായ് അറിയിച്ചു.
വിനോദ് റായിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗമാണ് രവി ശാസ്ത്രിയുടെ നിയമനം അംഗീകരിച്ചത്. സഹീര്‍ ഖാനും ദ്രാവിഡും സഹ പരിശീലകരാക്കുമെന്ന സൂചനയൊന്നും കമ്മിറ്റി നല്‍കിയില്ല.വിനോദ് റായി, ഡയാന് എഡ്യൂല്‍ജി, ബസിസിഐ സിഇഒ രാഹുല്‍ ജോറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ശമ്പളം തീരുമാനിക്കാന്‍ നാലംഗ സമിതി
ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന് രവി ശാസ്ത്രിക്കും സഹ പരിശീലകര്‍ക്കും ശമ്പളം നിശ്ചയിക്കുന്നതിന് ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതി നാലംഗ കമ്മിറ്റി രൂപീകരിച്ചു. ആക്ടിങ്ങ് ബോര്‍ഡ് പ്രസിഡന്റ് സി കെ ഖന്ന, സിഇഒ രാഹുല്‍ ജോറി,ക്രിക്കറ്റ് ഭരണ നിര്‍വഹണ സമിതിയംഗം ഡയാന എഡ്യൂല്‍ജി, ബിസിസിഐ ആക്ടിങ്ങ് സെക്രട്ടറി അമിതാബ് ചൗധരി എന്നിവര്‍ അടങ്ങുന്നതാണ് കമ്മിറ്റി.
ഈമാസം 19 ന് കമ്മിറ്റി യോഗം ചേരും. ശാസ്ത്രിയുടെ ശമ്പളം സംബന്ധിച്ച ശിപാര്‍ശകള്‍ 22ന് ക്രിക്കറ്റ് ഭരണനിര്‍വഹണ സമിതിക്ക് സമര്‍പ്പിക്കും. കിക്കറ്റ് ഉപദേശക സമിതിയാണ് ശാസ്ത്രിയെ മുഖ്യ പരിശീലകനായും സഖീര്‍ ഖാനെ ബൗളിങ്ങ് കോച്ചായും രാഹുല്‍ ദ്രാവിഡിനെ ഉപദേശകനായും തെരഞ്ഞെടുത്തത്. ശ്രീലങ്കന്‍ പര്യടനത്തിനുളള ഇന്ത്യന്‍ ടീം ഈ മാസം 19 ന് പുറപ്പെടും. സഖീര്‍ ഖാനും രാഹുല്‍ ദ്രാവിഡും ടീമിനൊപ്പം പോകുമെന്ന കാര്യത്തില്‍ ഉറപ്പില്ല. ഇന്ത്യ- ശ്രീലങ്ക ഒന്നാം ടെസ്റ്റ് ഈമാസം 26 ന് ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: