ന്യൂദല്‍ഹി: മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കുന്നത് വന്‍ സംഭാവനകള്‍. 1.4 ലക്ഷം കോടി രൂപയാണ് ആപ്പുകള്‍ വഴി 2016ല്‍ ഖജനാവില്‍ എത്തിയത്.
ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗം വര്‍ദ്ധിക്കുന്നതിനാല്‍ 2020ഓടെ 18 ലക്ഷം കോടി രൂപയാണ് വിവിധ ആപ്ലിക്കേഷനുകള്‍ വഴി ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന് എത്തിച്ചേരുക. കേന്ദ്രടെലികോം മന്ത്രി മനോജ് സിന്‍ഹയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്.
2015-16 വര്‍ഷത്തെ കണക്കാണ് പുറത്തുവിട്ടത്. 16-17ല്‍ ഇത് ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് സൂചന. ബ്രോഡ്ബാന്റ് ഇന്ത്യ ഫോറവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക്സ് റിലേഷന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ സംഭാവന കണക്കാക്കിയത്.
സ്മാര്‍ട്ട് ഫോണുകളിലെ ആപ്ലിക്കേഷനുകളുടെ മാത്രം കണക്കാണ് ശേഖരിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ എല്ലാ വിഭാഗത്തെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്തെ 22 ടെലികോം സര്‍ക്കിളുകളിലെ 19 സര്‍ക്കിളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് സര്‍വ്വേ നടത്തിയത്. പുതുതലമുറ ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളുടെ മൂല്യം എന്ന വിഷയത്തിലായിരുന്നു സര്‍വ്വേ.
രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ 28 ശതമാനം കമ്പ്യൂട്ടറുകള്‍ ഇതര മേഖലയിലാണ്. വരും വര്‍ഷങ്ങളില്‍ ഇത് വന്‍തോതില്‍ വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ. ഇത്തരം ഘടകങ്ങള്‍ കണക്കിലെടുത്ത് രാജ്യത്തിന്റെ ടെലികോം നയത്തില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായി ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: