കൊളംബോ: 2011 ലെ ലോകകപ്പ് ഫൈനലില്‍ ശ്രീലങ്ക ഇന്ത്യയോട് തോറ്റതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ ആവശ്യപ്പെട്ടു.
മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ അരങ്ങേറിയ ഫൈനലില്‍ ഒത്തുകളി നടന്നിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് അന്വേഷിക്കണമെന്നും രണതുംഗ ഫെയ്സ് ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫൈനലില്‍ കമന്റേറ്ററായി ഞാനുമുണ്ടായിരുന്നു. ഞങ്ങള്‍ തോറ്റപ്പോള്‍ ദുഃഖമുണ്ടായി. ഒത്തുകളി നടന്നോയെന്ന സംശയവും. ഫൈനലില്‍ ശ്രീലങ്കന്‍ ടീമിന് എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കണമെന്ന് രണതുംഗ പറഞ്ഞു.
ഇപ്പോള്‍ എല്ലാം വെളിപ്പെടുത്താനാകില്ല. പക്ഷെ ഒരിക്കല്‍ ഞാന്‍ എല്ലാം തുറന്നുപറയും. വെളുത്ത ക്രിക്കറ്റ് കുപ്പായത്തിലെ ചെളി മറയ്ക്കാന്‍ കളിക്കാര്‍ക്ക് കഴിയില്ലെന്ന്, ആരുടെയും പേരു വെളിപ്പെടുത്താതെ രണതുംഗ പറഞ്ഞു. ഫൈനലില്‍ ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറു വിക്കറ്റിന് 274 റണ്‍സെടുത്ത് മികച്ച നിലയിലായിരുന്നു. സൂപ്പര്‍ സ്റ്റാറായ സച്ചിന് 18 ന് റണ്‍സിന് പുറത്തായതോടെ ശ്രീലങ്കന്‍ ക്യാമ്പ് വിജയം മണത്തതാണ്. എന്നാല്‍ നാടകീയമായി ഇന്ത്യ വിജയം നേടി. ശ്രീലങ്കയുടെ മോശം ബൗളിങ്ങും ഫീല്‍ഡിങ്ങും ഇന്ത്യയ്ക്ക് സഹായകമായി.
ഉഴപ്പിക്കളിച്ച ശ്രീലങ്ക മത്സരം തോറ്റുകൊടുക്കുകയായിരുന്നെന്ന് അന്ന് പ്രാദേശീക പത്രങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് അന്വേഷണം വേണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: