ന്യൂദല്‍ഹി: മൂന്നില്‍ രണ്ട് ഇന്ത്യക്കാരും നരേന്ദ്രമോദി സര്‍ക്കാരിന്റെ കീഴില്‍ സന്തുഷ്ടരാണെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ജനങ്ങളുടെ അംഗീകാരം നേടിയെടുത്തതില്‍ ലോകത്തിലേറ്റവും മുന്നില്‍ ഇന്ത്യന്‍ സര്‍ക്കാരാണെന്നും ആഗോള സാമ്പത്തിക രംഗത്തെ പ്രശസ്ത സംഘടനയായ ഒഇസിഡിയുടെ പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
രാജ്യത്തെ 73 ശതമാനം ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴിലുള്ള കേന്ദ്രസര്‍ക്കാരില്‍ വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. 62 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള കാനഡയിലെ ജസ്റ്റിന് ട്രൂഡ് സര്‍ക്കാരാണ് രണ്ടാം സ്ഥാനത്ത്. പട്ടാള അട്ടമറിശ്രമം പരാജയപ്പെടുത്തിയ തുര്‍ക്കിയിലെ എര്ദോഗന് സര്‍ക്കാര്‍ 58 ശതമാനം ജനപിന്തുണയോടെ മൂന്നാം സ്ഥാനത്തുമെത്തി.
വ്ളാദമിന്‍ പുടിന്റെ കീഴിലുള്ള റഷ്യന്‍ സര്‍ക്കാര്‍(58%), ഏയ്ഞ്ചലാ മെര്‍ക്കലിന്റെ ജര്‍മ്മനി(55%) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ ഭരണകൂടത്തിന് കേവലം 30 ശതമാനം ജനപിന്തുണയേയുള്ളൂ. ബ്രിട്ടണിലെ തെരേസ മെയ് സര്‍ക്കാരിന് 41 ശതമാനം ജനപിന്തുണയും ഇംപീച്ച്മെന്റ് നടപടികള്‍ നേരിടുന്ന തെക്കന്‍ കൊറിയയിലെ പാര്‍ക്ക് ഗെന്ഹ്യൂ സര്‍ക്കാരിന് 25 ശതമാനം പിന്തുണയുമാണ് നേടാനായത്.
സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായ ഗ്രീസിലെ ഭരണകൂടത്തിന് 13 ശതമാനം പേരുടെ പിന്തുണ മാത്രമാണ് . സ്വന്തം രാജ്യത്തെ സര്‍ക്കാരിന് സ്ഥിരതയുണ്ടോ, സര്‍ക്കാരിനെ ആശ്രയിക്കാവുന്നതാണോ, പൗരന്മാരെ സംരക്ഷിക്കാന്‍ ശേഷിയുണ്ടോ, പൊതു സേവനങ്ങള്‍ കാര്യമായി നിര്‍വഹിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വേ വഴിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: