ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ സ്പാനിഷ് സുന്ദരി ഗാര്‍ബിനെ മുഗുരുസയും അമേരിക്കന്‍ താരം വീനസ് വില്യംസും ഏറ്റുമുട്ടും. മുഗുരുസെ സ്ലോവാക്യയുടെ മഗ്ദലേദ റൈബറികോവയെയും വീനസ് വില്യംസ് ബ്രിട്ടന്റെ ജോഹന്ന കോണ്ടെയും തകര്‍ത്താണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടുന്നത്.
ആദ്യസെമിയില്‍ സ്ലോവാക്യയുടെ മഗ്ദലേന റൈബറികോവയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അനായാസം തകര്‍ത്താണ് മുഗുരുസ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ട മത്സരത്തില്‍ 6-1, 6-1 എന്ന ക്രമത്തിലായിരുന്നു മുഗുരുസയുടെ വിജയം.
സ്കോര്‍ബോര്‍ഡ് സൂചിപ്പിക്കുംപോലെതന്നെ മത്സരം തികച്ചും ഏകപക്ഷീയമായിരുന്നു. 14-ാം സീഡായ മുഗുരുസയുടെ രണ്ടാം വിംബിള്‍ഡന്‍ ഫൈനലാണിത്. 2015ലായിരുന്നു ആദ്യ ഫൈനല്‍. അന്ന് സെറീന വില്യംസിനേട് നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെട്ടു.
2016ലെ ഫ്രഞ്ച് ഒാപ്പണ്‍ കിരീട ജേതാവായ മുഗുരുസ വിംബിള്‍ഡണും നേടി കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഏഴാം സീഡ് കുസ്നെറ്റ്സോവയെ നേരിട്ടുള്ള സെറ്റുകള്‍ക്കു കീഴടക്കിയാണ് മുഗുരുസ അവസാന നാലില്‍ കടന്നത്
ആറാം സീഡ് ജോഹന്ന കോണ്ടെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് 10-ാം സീഡായ വീനസ് വില്യംസ് കലാശപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. സ്കോര്‍: 6-1, 6-2.
ബ്രിട്ടീഷ് താരത്തിന് ഒന്നു പൊരുതാന്‍ അവസരം പോലും നല്‍കാതെയായിരുന്നു വീനസിന്റെ വിജയം. കളി ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്നു.
2009നുശേഷം ആദ്യമായാണ് വീനസ് വിംബിള്‍ഡണിന്റെ കലാശപ്പോരാട്ടത്തിന് അര്‍ഹത നേടുന്നത്. അന്നും സെറീനയോട് ഫൈനലില്‍ തോല്‍ക്കാനായിരുന്നു വീനസിന്റെ വിധി. കരിയറിലെ ഒമ്പതാം ഫൈനലാണ് ഇത്തവണത്തേത്.
അഞ്ച് തവണ കിരീടം നേടിയ വീനസ് ഇത്തവണ ലക്ഷ്യമിടുന്നത് വിംബിള്‍ഡണിലെ ആറാം കിരീടം. 2000, 2001, 2005, 2007, 2008 വര്‍ഷങ്ങളിലാണ് വീനസ് വിംബിള്‍ഡണ്‍ കിരീടം നേടിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം സെമിയില്‍ കളിച്ച വീനസ് ജര്‍മ്മനിയുടെ ആഞ്ചലിക് കെര്‍ബറോട് തോറ്റ് പുറത്താവുകയായിരുന്നു. ഈ വര്‍ഷം ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ഫൈനലില്‍ കളിച്ചെങ്കിലും സഹോദരി സെറീനയോട് പരാജയപ്പെട്ടു. നാളെയാണ് വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: