ന്യൂദല്‍ഹി: വിരാട് കോഹ്ലിയുടെ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പഴയകാല ഇന്ത്യന്‍ ടീമുകളെക്കാള്‍ മികച്ച ടെസ്റ്റ് ടീമാകുമെന്ന് പുതിയ കോച്ച് രവിശാസ്ത്രി. നമുക്ക് ഉണ്ടായിരുന്ന ടീമുകളെക്കാള്‍ മികച്ച ടീമായി നിലവിലെ ഇന്ത്യന്‍ ടീം മാറും. ഏതു സാഹചര്യത്തിലും മികവ് കാട്ടാന്‍ കഴിയുന്ന ഒരു കൂട്ടം പേസര്‍മാര്‍ ടീമിലുണ്ട്. മികച്ച കളി പുറത്തെടുക്കാന്‍ കഴിയുന്ന പ്രായത്തിലുളളവരാണ് ടീമിലുളളതെന്ന് രവി ശാസ്ത്രി ലണ്ടനില്‍ നിന്ന് ഒരു വാര്‍ത്താ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
വെല്ലുവിളികള്‍ ഏറ്റെടുക്കന്നത് ഇഷ്ടമാണ്. മൂടിക്കെട്ടിയ സാഹചര്യത്തില്‍ ഓപ്പണറായി ബാറ്റിങ്ങിനിറങ്ങുന്നതും ഒരു വെല്ലുവിളിയാണെന്ന് ശാസ്ത്രി പറഞ്ഞു.സൗരവ് ഗാംഗുലിയുമായുളള പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഞാനും ഗാംഗുലിയും ഇന്ത്യന്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്മാരാണ്. അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്.എന്നാല്‍ പരസ്പര ബഹുമാനമുണ്ടെ് രവി ശാസ്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം കോച്ചിന്റെ തെരഞ്ഞെടുപ്പില്‍ രവി ശാസ്ത്രി അഭിമുഖത്തിന് നേരിട്ട് പങ്കെടുക്കാത്തതിനെ സംബന്ധിച്ച് ഗാംഗുലിയും ശാസ്ത്രിയും തമ്മില്‍ വാക് പയറ്റ് നടന്നിരുന്നു.
ടീമിന്റെ പിന്തുണയോടെ
മുംബൈ: രവി ശാസ്ത്രിയുടെ സ്ഥാനാരോഹണം ടീമംഗങ്ങളുടെ പൂര്‍ണ പിന്തുണയോടെയെന്നത് നീലപ്പടയ്ക്ക് ഗുണകരമാകും. നായകന് വിരാട് കോഹ്ലിക്ക് ഏറെ പ്രിയങ്കരനാണ് ശാസ്ത്രി. മുന്‍പ് ടീം ഡയറക്ടറായിരുന്നപ്പോഴുള്ള ബന്ധം ഇപ്പോഴും തുടരുന്നു.
തകര്‍ച്ചയുടെ പടുകുഴിയിലേക്ക് വീഴുകയായിരുന്ന അവസരത്തിലാണ് മുന്‍പ് ശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുന്നത്. 2014 ആഗസ്റ്റ് മുതല്‍ 2016 വരെ ടീം ഡയറക്ടറായിരുന്ന ശാസ്ത്രിക്കു കീഴില്‍ ഇന്ത്യ മികച്ച പ്രകടനം നടത്തി. സഞ്ജയ് ബാംഗര്‍ (ബാറ്റിങ്), ഭരത് അരുണ്‍ (ബൗളിങ്), ആര്. ശ്രീധര്‍ (ഫീല്‍ഡിങ്) എന്നിവര്‍ സഹ പരിശീലകരായി കൂടെയുണ്ടായിരുന്നതും ഇദ്ദേഹത്തിന് കരുത്തായി. ഇന്ത്യക്കായി 80 ടെസ്റ്റും 150 ഏകിദനവും കളിച്ചിട്ടുള്ള ശാസ്ത്രി ഒരു മത്സരത്തില്‍ ടീമിനെ നയിച്ചിട്ടുമുണ്ട്.
്. 2015 ഏകദിന ലോകകപ്പിലും 2016ലെ ട്വന്റി20 ലോകകപ്പിലും ശാസ്ത്രിക്കു കീഴില്‍ ടീം സെമിയിലെത്തി. ഇതുള്‍പ്പെടെ അഞ്ച് ഏകദിന ചാമ്പ്യന്‍ഷിപ്പുകളിലാണ് ടീം അവസാന നാലിലൊന്നായത്. ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനും ടീമിനായി. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ട്വന്റി20യില്‍ 3-0ന് ആതിഥേയരെ തുരത്തി.
പരിശീലനത്തില്‍ കടുംപിടുത്തക്കാരനല്ലാത്തതും താരങ്ങളെ അവരുടെ വഴിക്കു വിടുന്നതുമാണ് ശാസ്ത്രിയോടുള്ള പ്രിയത്തിനു കാരണം. 2016ല്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ വീണ്ടുമൊരു തിരിച്ചുവരവ് സ്വപ്നം കണ്ടെങ്കിലും, ക്രിക്കറ്റ് ഉപദേശക സമിതി അനില്‍ കുംബ്ലെയാണ് കണ്ടെത്തിയത്. ശാസ്ത്രി നിര്‍ത്തിയേടത്തു നിന്ന് തുടങ്ങിയ കുംബ്ലെ ടീമിനെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. ഈയൊരു മുന്നേറ്റം തുടരുകയാണ് രണ്ടാമൂഴത്തില്‍ ശാസ്ത്രിയുടെ ദൗത്യം. ഈ മാസം 26ന് തുടങ്ങുന്ന ലങ്കന്‍ പര്യടനമാകും ഇതിനു തുടക്കമിടുക. മൂന്നു ടെസ്റ്റ്, അഞ്ച് ഏകദിനം, ഒരു ട്വന്റി20യാണ് പരമ്പരയില്‍.
തെറ്റായ കീഴ്വഴക്കം
ടീമിന്റെ പരിശീലകനെ നിയമിക്കാന്‍ നായകന്റെ ഔദാര്യം തേടുക. ഈ തലതിരിഞ്ഞ കീഴ്വഴക്കമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലക തെരഞ്ഞെടുപ്പില്‍ നിഴലിച്ചത്. ക്രിക്കറ്റ് കളത്തില്‍ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് ശ്രദ്ധേയരായ, ഇന്ത്യന്‍ ക്രിക്കറ്റിനെ ഉന്നതങ്ങളിലേക്ക് നയിച്ചവര്‍ അംഗമായ ക്രിക്കറ്റ് ഉപദേശക സമിതി ഇതിനു വഴങ്ങിയെന്നതാണ് ഞെട്ടിപ്പിക്കുന്നത്.
താന്‍ പറയുന്നത് കേട്ട് നില്‍ക്കുന്നവനാകണം പരിശീലകനെന്ന നായകന് വിരാട് കോഹ്ലിയുടെ തിട്ടൂരത്തിനു മുന്നില്‍ സുപ്രീംകോടതി നിയമിച്ച ഭരണനിര്‍വഹണ സമിതിയും വഴങ്ങി. പരിശീലനത്തിലും സമീപനത്തിലും കടുപ്പക്കാരനല്ലാത്തതാണ് ശാസ്ത്രിയെ വിരാടിന് പ്രിയങ്കരനാക്കുന്നത്. എന്നാല്‍, അനില്‍ കുംബ്ലെ അച്ചടക്കത്തിന് ഏറെ വിലമതിക്കുന്നു. സൂപ്പര്‍ താരങ്ങളായാലും അച്ചടക്കത്തിലും പരിശീലനത്തിലുമൊന്നും വിട്ടുവീഴ്ചയ്ക്ക് കുംബ്ലെ തയാറല്ല. ഇതൊട്ട് വിരാടിന് സുഖിച്ചിരുന്നുമില്ല.
കളിക്കളത്തില്‍ ഒട്ടേറെ നേട്ടങ്ങള്‍ക്കുടമയായ കുംബ്ലെയുടെ താരപ്പൊലിമയും വിരാടിനെ അസ്വസ്ഥനാക്കി. താരങ്ങളും ആരാധകരും ഒരുപോലെ ആദരിക്കുന്ന ഒരാള്‍ക്കു മുന്നില്‍ തന്റെ അധീശത്വം അടിച്ചേല്‍പ്പിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവ് പരിശീലകനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. പടപൊരുതാനൊന്നും പോകാതെ മാന്യമായി സ്ഥാനമൊഴിഞ്ഞ് കുംബ്ലെ പിന്‍വാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: