എരുമേലി: വര്‍ഷങ്ങളായി അറ്റകുറ്റപ്പണി നടത്താതിരുന്നതോടെ എരുമേലി കെഎസ്ആര്‍ടിസി സെന്ററിലെ ബസ് പാര്‍ക്കിംഗ് ഏരിയാ പൊട്ടിപ്പൊളിഞ്ഞ് കുഴികള്‍ രൂപപ്പെട്ടു. മഴ ശക്തമായതോടെ കുഴികളില്‍ മലിന ജലം നിറഞ്ഞ് യാത്രക്കാരും ജീവനക്കാരും കടുത്ത ദുരിതത്തിലുമായി. ബസില്‍ നിന്ന് യാത്രക്കാര്‍ മലിന ജലത്തിലേക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.
ബസ് പാര്‍ക്കിംഗിന് പരിമിതമായ സ്ഥലം മാത്രമുളള സെന്ററിന്റെ പാര്‍ക്കിംഗ് ഏരിയായുടെ ഭൂരിഭാഗം സ്ഥലവും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഗ്യാരേജിന്റെ മുന്‍ഭാഗത്ത് ചെളിവെളളം കെട്ടിക്കിടക്കുന്നു. അടിയന്തിരമായി കുഴികള്‍ അടച്ച് പാര്‍ക്കിംഗ് ഏരിയ നവീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
















