ഈരാറ്റുപേട്ട: പഠനാവശ്യത്തിനായെത്തിയ വിദ്യാര്‍ഥിയെ സാമൂഹ്യവിരുദ്ധര്‍ മര്‍ദ്ദിച്ചെന്ന് പരാതി. തിടനാട് കൊണ്ടൂര്‍ ചന്ദ്രന്‍കുന്നേല്‍ ടോമിയുടെ മകന്‍ റോഷിന്‍ ടോം(22)മിനാണ് മര്‍ദ്ദനത്തില്‍ പരിക്കേറ്റത്. വയനാട് വൈല്‍ഡ് ലൈന്‍ സ്റ്റഡീസ് കേരളാ വെറ്ററിനറി ആനിമല്‍സ് ആന്‍ഡ് യൂണിവേഴ്‌സിറ്റി ഗവേഷണ വിദ്യാര്‍ത്ഥിയാണ് പരുക്കേറ്റ റോഷിന്‍.റോഷിന്റെ കൈവശമുണ്ടായിരുന്ന പഠനാവശ്യത്തിന് കോളജില്‍ നിന്നും നല്‍കിയ കാമറ, റേഞ്ച് ഫൈന്റര്‍, ലെക്‌സ് മീറ്റര്‍, ടോര്‍ച്ച് എന്നിവ നശിപ്പിച്ചു.
തീക്കോയി മംഗളഗിരിയില്‍ പഠനാവശ്യത്തിനെത്തിയതായിരുന്നു റോഷിന്‍. കഴിഞ്ഞ ദിവസം രാത്രി പത്തുമണിയോടെ പഠനാവശ്യം കഴിഞ്ഞ് ബൈക്കില്‍ തിരിച്ചു പോരുമ്പോള്‍ മംഗളഗിരി ഒറ്റയീട്ടി റോഡില്‍ പിന്നാലെ ബൈക്കിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയും മര്‍ദിക്കുകയുമായിരുന്നു. പഠനാവശ്യത്തിനാണെന്ന പറഞ്ഞെങ്കിലും മര്‍ദനം തുടരുകയായിരുന്നു. പരുക്കേറ്റ റോഷിനെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















