ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ കലാപബാധിത ജില്ലകളിലേക്കയച്ച കേന്ദ്രസേനയെ തിരിച്ചയച്ച ബംഗാള്‍ സര്‍ക്കാര്‍ നടപടി വിവാദമാകുന്നു. 400 അംഗ കേന്ദ്രസേനയെയാണ് രണ്ടുദിവസം മുമ്പ് മമത സര്‍ക്കാര്‍ തിരിച്ചയച്ചത്.
സമുദായ സംഘര്‍ഷം രൂക്ഷമായ നോര്‍ത്ത് പര്‍ഗാനാസിലേക്കും ഗൂര്‍ഖാലാന്റ് പ്രക്ഷോഭം ശക്തമായ ഡാര്‍ജിലിംഗിലേക്കും കേന്ദ്രആഭ്യന്തരമന്ത്രാലയം നിയോഗിച്ച സേനയെയാണ് ബംഗാള്‍ സര്‍ക്കാര്‍ വിലക്കിയത്. എന്നാല്‍ ഇതു മറച്ചുവെച്ച് കേന്ദ്രസര്‍ക്കാര്‍ ക്രമസമാധാന നില പുനസ്ഥാപിക്കാന്‍ സഹായിക്കുന്നില്ലെന്ന് മമത ബാനര്‍ജി ആരോപിച്ചു. ഡാര്‍ജിലിംഗിലെ സംഘര്‍ഷങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കേന്ദ്രം യാതൊരു സഹായവും നല്‍കുന്നില്ലെന്നും മമത ആരോപിച്ചു.
400 പേരടങ്ങുന്ന നാലു കമ്പനി ബിഎസ്എഫിനെയാണ് സംഘര്‍ഷ മേഖലകളിലേക്ക് കേന്ദ്രആഭ്യന്തരമന്ത്രാലയം നിയോഗിച്ചത്. ഹിന്ദുക്കള്‍ക്കെതിരെ അതിരൂക്ഷമായ കലാപം നടന്ന ബസീര്‍ഹട്ട്, ബദുരിയ മേഖലകളിലേക്ക് സേനയെ നിയോഗിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ തടഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ സേനയെ തിരിച്ചയച്ചതായി കേന്ദ്രആഭ്യന്തരമന്ത്രാലയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ബംഗാള്‍ സര്‍ക്കാരിന് കീഴിലുള്ള ഈസ്‌റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സിന്റെ ആസ്ഥാനം ഡാര്‍ജിലിംഗാണ്. ഇഎഫ്ആറിനെ ഡാര്‍ജിലിംഗിലെ പ്രശ്‌ന മേഖലകളില്‍ നിയോഗിക്കാന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇവിടെ നിയോഗിച്ച 100 വനിതാ സിആര്‍പിഎഫുകാരെ പിന്‍വലിക്കണമെന്നും ബംഗാള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെയാണ് ബിജെപിയുടെ പിന്തുണയോടെ വിദേശസഹായത്താലാണ് സംസ്ഥാനത്ത് കലാപം നടക്കുന്നതെന്ന ആരോപണവുമായി മമത ബാനര്‍ജി രംഗത്തെത്തിയത്. ബദുരിയ, ബസിര്‍ഹട്ട് കലാപങ്ങളെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മമത ബാനര്‍ജി പ്രഖ്യാപിച്ചു.
















