ന്യൂദല്‍ഹി: ബംഗാളിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ പോലീസ് തടഞ്ഞു. ബിജെപി, സിപിഎം കോണ്‍ഗ്രസ് നേതാക്കളെയും സംഘത്തെയുമാണ് തടഞ്ഞത്.
ബംഗാളില്‍നിന്നുള്ള ബിജെപി എംപി രൂപാ ഗാംഗുലിയെ കല്‍ക്കത്ത വിമാനത്താവളത്തിനടുത്തുവെച്ച് പോലീസ് കസ്റ്റഡിയിലെടുത്തു. അധിര്‍ രഞ്ജന്‍ ചൗധരിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സിന്റെയും മുഹമ്മദ് സലിം എംപിയുടെ നേതൃത്വത്തിലുള്ള സിപിഎം സംഘത്തെയും പോലീസ് മടക്കി അയച്ചു. കലാപ കേന്ദ്രമായ ബസിര്‍ഹട്ട് മേഖലയാണ് ഇവര്‍ സന്ദര്‍ശിക്കാനിരുന്നത്. സമാധാനത്തിന് ആഹ്വാനം ചെയ്യാനാണ് തങ്ങളെത്തിയതെന്ന് പ്രതിപക്ഷ നേതാക്കള്‍ വ്യക്തമാക്കി.
നാല് ദിവസത്തിലേറെയായി അക്രമം നടക്കുന്ന ബസിര്‍ഹട്ടില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ഐജി അനുജ് ശര്‍മ്മ പറഞ്ഞു. എന്നാല്‍ ഇന്നലെ വൈകിട്ട് പോലീസ് ലാത്തിച്ചാര്‍ജ്ജോടെ വീണ്ടും സംഘര്‍ഷം ഉടലെടുത്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാരോപിച്ച ജനക്കൂട്ടത്തിന് നേരെയാണ് ലാത്തിച്ചാര്‍ജ്ജുണ്ടായത്. പ്രദേശത്തെ തൃണമൂല്‍ എംഎല്‍എ ദിവ്യേന്ദു ബിശ്വാസിന്റെ നടപടിയും വിവാദമായിട്ടുണ്ട്.
ഹിന്ദു വീടുകളില്‍ റെയ്ഡ് നടത്താന്‍ ഇയാള്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയതായി പ്രദേശവാസികള്‍ ആരോപിച്ചു. സംഭവസ്ഥലത്തുനിന്നും പോലീസിന്റെ സഹായത്തോടെയാണ് എംഎല്‍എ രക്ഷപ്പെട്ടത്. സംഭവത്തില്‍ എംഎല്‍എയോട് തൃണമൂല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബിജെപി വസ്തുതാന്വേഷണ സംഘം ഇന്ന് പ്രദേശം സന്ദര്‍ശിക്കും.
അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് അറസ്റ്റിലായ വിദ്യാര്‍ത്ഥിയെ ശരിഅത്ത് നിയമപ്രകാരം കല്ലെറിഞ്ഞുകൊല്ലാന്‍ വിട്ടുനല്‍കണമെന്നാവശ്യപ്പെട്ടാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നിരവധി ഹിന്ദു വീടുകളും കടകളും തകര്‍ത്തു. കലാപകാരികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല. വിഷയം നിസാരവത്കരിക്കാനാണ് മുഖ്യമന്ത്രി മമത ശ്രമിക്കുന്നത്.
















