ന്യൂദല്‍ഹി: അധികാരമുണ്ടായിരുന്നെങ്കില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ കൊല്ലുമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് സെയിഫുദ്ദീന്‍ സോസ്. ജമ്മുകശ്മീരില്‍ നിരവധി ഭീകരാക്രമണങ്ങള്‍ക്കു നേതൃത്വം നല്‍കിയ വാനിയെ കൊല്ലുമായിരുന്നില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി കൂടിയായ സോസ് പറഞ്ഞത് വിവാദമായി.
തനിക്ക് അധികാരമുണ്ടായിരുന്നെങ്കില്‍ വാനിയെ കൊല്ലില്ലായിരുന്നു. വാനിയുമായി ചര്‍ച്ച നടത്തുമായിരുന്നു. ഇന്ത്യക്കും പാക്കിസ്ഥാനുമിടയില്‍ സൗഹൃദത്തിന്റെ പാലം തീര്‍ക്കാന്‍ വാനിയെ ഉപയോഗിക്കുമായിരുന്നു. പക്ഷേ, ഇപ്പോള്‍ വാനി ജീവനോടെയില്ല. കശ്മീരികളുടെ ദു:ഖം ഞങ്ങള്‍ക്ക് മനസ്സിലാവും, വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ സോസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ 8നാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ വാനി കൊല്ലപ്പെട്ടത്. ഹിസ്ബുളിന്റെ കശ്മീരിലെ കമാന്‍ഡറായിരുന്ന വാനി കൊല്ലപ്പെട്ടിട്ട് ഒരു വര്‍ഷമാകുന്ന സാഹചര്യത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. വാനിയെ സൈന്യം കൊന്നതിനു ശേഷം തുടര്‍ച്ചയായി താഴ്‌വരയില്‍ കലാപമായിരുന്നു.
















