അമ്പലപ്പുഴ: മത്‌സ്യം കയറ്റി പോയ വാഹനം തടഞ്ഞു നിര്‍ത്തി എസ്ഡിപിഐക്കാര്‍ മല്‍സ്യത്തില്‍ മണ്ണെണ്ണ ഒഴിച്ചതായി പരാതി. നീര്‍ക്കുന്നം സ്വദേശി ഫൈസലിന്റെ മത്സ്യത്തിലാണ് മണ്ണെണ്ണ ഒഴിച്ചത്.
നീര്‍ക്കുന്നം അല്‍ ഇജാബ ജങ്ഷന് സമീപം ഇന്നലെ പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. വളഞ്ഞവഴിയില്‍ തുടങ്ങിയ മാര്‍ക്കറ്റില്‍ തൊഴില്‍ പ്രശ്‌നം നിലനിന്നിരുന്നു. തൊഴില്‍ പ്രാതിനിധ്യമാവിശ്യപ്പെട്ട് മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയിരുന്നു.
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സിഐടിയുക്കാരും എസ്ഡിപിഐപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതിനിടെയാണ് ഇന്നലെ മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ മത്‌സ്യവുമായി പോകുമ്പോള്‍ പെട്ടിഓട്ടോ തടഞ്ഞു നിര്‍ത്തി മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചത്.
നാല് ബോകസുകളിലായി കൊണ്ടുപോയ ചെമ്മീന്‍, മത്തി എന്നിവയിലാണ് മണ്ണെണ്ണ ഒഴിച്ചത്. പതിനയ്യായിരം രൂപയുടെ നഷ്ടം ഉണ്ടായതായി ഫൈസല്‍ പറഞ്ഞു. അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















